അറിയാത്തവര്‍ അറിയട്ടെ; കരുവെള്ളയാന്‍ കൊലുമ്പനെ..

ഇടുക്കി അണക്കെട്ടിനെ പറ്റി പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും ചര്‍ച്ചകള്‍ വരുമ്പോള്‍ പലരും മറന്നു പോകുന്നു .മഹാനായ കരുവെള്ളയാന്‍ കൊലുമ്പനെ കുറിച്ച് പറയാന്‍.

ഏഷ്യയിലെതന്നെ ഏറ്റവും വലിയ കമാന അണക്കെട്ട് നിര്‍മ്മാണത്തിന് അനിയോജ്യമായ സ്ഥലം കാട്ടികൊടുത്തകരുവെള്ളയാന്‍ കൊലുമ്പനെന്ന ആദിവാസി മൂപ്പനെ മലായാളികള്‍ മറന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ആദിരിക്കാന്‍ മറന്നുപോയവര്‍ മരണശേഷവും അത് തുടരുന്നു. എന്നാല്‍ മലയോരനിവാസികളുടെ മനസില്‍ ഇപ്പോഴും ഒരുവീരനായകന്റെ പരിവേഷമാണ് അദ്ദേഹത്തിന്.ആദിവാസി – ഗോത്രവിഭാഗത്തിലെ ഊരാളി സമുദായത്തിന്റെ മുടിചൂടാമന്നനും മൂപ്പനുമായിരുന്നു കൊലുമ്പന്‍. ഊരാളി സമുദായത്തിലെ പഴയ തലമുറ ഐതീഹ്യകഥയിലെ നായകനെപ്പോലെയാണ് കൊലുമ്പനെ കണ്ടിരുന്നതും ആരാധിച്ചിരുന്നതും.

ഇടുക്കി അണക്കെട്ട് സ്ഥിതിചെയ്യുന്ന ഭാഗത്തുനിന്നും അഞ്ചുകിലോമീറ്റര്‍ അകലെയുള്ള കൊടുംവനമായിരുന്ന ചെമ്പകശേരി നരിക്കാട്ട് എന്ന സ്ഥലത്തായിരുന്നു കൊലുമ്പനും കൂട്ടാളികളും കുടിപാര്‍ത്തിരുന്നത്.

അഞ്ചടി ഉയരം, കറുപ്പനിറം, ചെമ്പിച്ച നീണ്ട താടി, ജഡപിടിച്ച നീണ്ട മുടി, മുട്ടിനൊപ്പം വരുന്ന ഒറ്റമുണ്ട്. കയ്യില്‍ ആറടി നീളമുള്ള ബലവത്തായ ഒരു വടി. ആരെയും കൂസാത്ത ഭാവം. നടുനിവര്‍ത്തി മൂക്ക് വിടര്‍ത്തിയുള്ള നടപ്പ്. ഇതായിരുന്നു കൊലുമ്പന്‍.

കാടിന്റെ ഓരോ മുക്കും മൂലയും കാണാപ്പാഠമായിരുന്ന കൊലുമ്പന്‍ വനത്തിനുള്ളിലെ നേരിയ ചലനങ്ങള്‍പോലും ശ്രദ്ധിക്കുമായിരുന്നു. കൊലുമ്പനെ കണ്ടാല്‍ കടുവയും കാട്ടനയും ഉള്‍പ്പെടെയുള്ള വന്യജീവികള്‍ വഴിമാറി കൊടുക്കുമെന്ന് സഹോദരനായ മാണിക്യന്‍ പറഞ്ഞു.കടുവ ആഹാരത്തിനായി കൊല്ലുന്ന മൃഗങ്ങളുടെ ജഡത്തിന് കാവല്‍നില്‍ക്കുന്നത് പതിവാണ്. കൊലുമ്പനെ കണ്ടാല്‍ പേടിച്ചരണ്ട പെരുച്ചാഴിയെപ്പോലെ കടുവ സ്ഥവിടുമെന്നുള്‍പ്പെടെ കൊലമ്പനെകുറിച്ച് നിറമ്പിടിപ്പിച്ച നിരവധി കഥകള്‍ പ്രചരിച്ചിട്ടുണ്ട്.

വിദഗ്ധ കാട്ടുവൈദ്യന്‍ കൂടിയായിരുന്ന കൊലുമ്പന്റെ കയ്യില്‍ ഏതു കൊടിയ വിഷത്തിനും പകര്‍ച്ചവ്യാധികള്‍ക്കും ഫലപ്രദമായ മരുന്നുണ്ടായിരുന്നു. ഒരിക്കല്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് കുടല്‍ പുറത്തുവന്ന കുടിയിലെ ഒരു യുവാവിന്റെ മറിഞ്ഞ വയറില്‍ അമൂല്യങ്ങളായ പച്ചമരുന്നുകള്‍ കണ്ടെത്തി അരച്ച് വച്ചുകെട്ടി ഒരുമാസം വിശ്രമിക്കാന്‍ നിര്‍ദേശംനല്‍കി.

ഒടുവില്‍ മുറിവിലെ കെട്ടഴിച്ചപ്പോള്‍ മുറിവ് പൂര്‍ണമായി കരിഞ്ഞുണങ്ങി.
ആദ്യകാലങ്ങളില്‍ കൊലുമ്പന്റെയും കുടിയിലുള്ളവരുടെയും ആഹാരം കിഴങ്ങുവര്‍ഗങ്ങളും പൊടിവിതച്ച് കൊയ്‌തെടുക്കുന്ന നെല്ലരിയുമായിരുന്നു.പകല്‍ താഴെ മറച്ച ഈറ്റക്കുടിലില്‍ ആഹാരം പാകംചെയ്യുന്ന ഇവരുടെ രാത്രികാല ഉറക്കം മരങ്ങളില്‍ കെട്ടിയുണ്ടാക്കിയ ഏറുമാടങ്ങളിലായിരുന്നു.രണ്ടുപ്രാവശ്യം വിവാഹിതനായ കൊലുമ്പന്റെ ആദ്യഭാര്യ മരിച്ചതിനുശേഷമായിരുന്നു രണ്ടാം വിവാഹം. ആദ്യവിവാഹത്തില്‍ ഉണ്ടായ മക്കളായ രാമനും തേവനും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. 1971-ലാണ് കൊലുമ്പന്‍ ഇഹലോകവാസം വെടിഞ്ഞത്.

ഇടുക്കി ഡാമിന്റെ ചരിത്രം

ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്‌ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലും മറ്റും പെട്ട്‌ മരണമടഞ്ഞു. 1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക്‌ കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി. പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂർ ഗവൺമെന്റിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു.

1937 ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച്‌ അണക്കെട്ട്‌ നിർമ്മിക്കാൻ വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു. 1961-ൽ ആണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963 ൽ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുത്തു.1969 ഏപ്രില്‍ 30-നാണ് നീണ്ടനാളത്തെ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കുംശേഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു

ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു. ഇടുക്കി ഡാം ഇന്നും വിസ്‌മയമാണ്‌. പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട്‌ കമാനാകൃതിയിലാണ്‌ നിർമ്മിച്ചത്‌. കോൺക്രീറ്റ്‌ കൊണ്ടു പണിത ഈ ആർച്ച്‌ ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇടുക്കി അണക്കെട്ടിന്‌ ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത.

IS 456-2000 അനുസരിച്ചുള്ള എം – 40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽ പ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്