ജോളി വേദപാഠം അധ്യാപികയല്ല, വിധവയുടെ ഭാവത്തിലല്ലായിരുന്നു ജീവിതം:കൂടത്തായി ഇടവക

കോഴിക്കോട്: ജോളി വേദപാഠം അധ്യാപികയെന്ന പ്രചാരണം തെറ്റാണെന്ന് കൂടത്തായി ഇടവക. ജോളിക്ക് നേരത്തെ മാതൃവേദിയുടെ ചുമതല ഉണ്ടായിരുന്നു. എന്നാല്‍ ഷാജുവുമായുള്ള വിവാഹ ശേഷം ജോളിയുടെ പേര് ഇടവക അംഗങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കിയെന്നും ഇടവക വിശദീകരിക്കുന്നു. ജോളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നില്ല. മരണങ്ങള്‍ നടന്ന ശേഷം വലിയ ദുഖം പ്രകടിപ്പിച്ചിരുന്നെങ്കിലും ഒരു വിധവയുടെ ഭാവത്തിലല്ല പിന്നീട് ജോളിയെ കണ്ടതെന്ന് ഇടവക വക്താവ് അഗസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കൂടുതല്‍ ആളുകളെ വകവരുത്താന്‍ തീരുമാനിച്ചിരുന്നുവെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയെന്നാണ് സൂചന. ഇതിന് സഹായം നല്‍കിയത് റോയിയുടെ അടുത്ത ചില ബന്ധുക്കളാണെന്നും രണ്ട് ബന്ധുക്കള്‍ക്ക് അറിയാമായിരുന്നുവെന്നും ജോളി വെളിപ്പെടുത്തിയെന്നാണ് സൂചന. സയനൈഡ് ഉപയോഗിക്കുന്ന രീതിയും അവര്‍ക്ക് അറിയാമായിരുന്നു എന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു എന്നാണ് വിവരം.

Loading...

ജോളിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് നാളെ അപേക്ഷ നല്‍കും. അതിന് മുമ്ബ് ഈ വിവരങ്ങള്‍ കൃത്യത വരുത്തിയ ശേഷംഅടുത്ത ചോദ്യം ചെയ്യലില്‍ ജോളിക്ക് മുന്നില്‍ ചോദ്യങ്ങള്‍ നിരത്തുക എന്നതാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇത്രയധികം കൊലപാതകങ്ങള്‍ നടത്തി ഒരു തെളിവും അവശേഷിപ്പിക്കാതെ രക്ഷപ്പെടാന്‍ ജോളിയ്ക്ക് ഒറ്റയ്ക്ക് സാധിക്കില്ലെന്ന് തന്നെയാണ് പൊലീസ് കണക്കുകൂട്ടുന്നത്.അതിനാല്‍ ഇതിലാര്‍ക്കൊക്കെ ഇനിയും പങ്കുണ്ടെന്ന വിവരം വിശദമായി പരിശോധിച്ച ശേഷം, സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഒത്തിണക്കിയാകും പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതും കുറ്റപത്രം തയ്യാറാക്കുന്നതും.