കൂടത്തായി സംഭവത്തില്‍ ഷാജുവിന് രക്ഷയില്ല, ജോളിക്ക് പിന്നാലെ ഷാജുവിനെയും പോലീസ് പൂട്ടി

കോഴിക്കോട്: കൂടത്തായി സംഭവത്തില്‍ ഷാജുവിന് എതിരേ തെളിവുണ്ടെന്നു പോലീസ്. സംഭവത്തിലെ അവസാന ഇരകളായ സിലി, ഒന്നരവയസുകാരി മകള്‍ ആല്‍ഫൈന്‍ എന്നിവര്‍ സയനൈഡ് ഉള്ളില്‍ച്ചെന്ന് മരിച്ച കേസില്‍ സിലിയുടെ ഭര്‍ത്താവും ജോളിയുടെ രണ്ടാം ഭര്‍ത്താവുമായ കോടഞ്ചേരി പുലിക്കയത്തെ പൊന്നാമറ്റം ഷാജുവിനെ വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

കഷായത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി സിലിയെ ഇല്ലാതാക്കാന്‍ ജോളി നടത്തിയ ആദ്യശ്രമത്തില്‍ ഷാജുവിനും പങ്കുണ്ടെന്നാണ് പോലീസ് നിഗമനം. ഇദ്ദേഹത്തില്‍ നിന്ന് ആവശ്യമായ നിയമോപദേശം തേടിയശേഷം അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ ഇല്ലാതാക്കിയ കേസില്‍ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയ ശേഷം സിലി കേസില്‍ ഷാജുവിനെ അറസ്റ്റ് ചെയ്യാനാണ് പോലീസിന് ലഭിച്ച നിയമോപദേശം.

Loading...

റോയ് കേസില്‍ വ്യാഴാഴ്ച് കോഴിക്കോട് ജുഡീഷല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി ഒന്നില്‍ ഷാജുവിന്റെ രഹസ്യമൊഴി എടുത്തതോടെ ഇയാള്‍ റോയ് വധകേസില്‍ സാക്ഷിയായി മാറി. ഷാജുവിനു പുറമേ പിതാവ് സക്കറിയാസിനേയും അന്വേഷണസംഘം പ്രതിചേര്‍ക്കും എന്നും സൂചന ഉണ്ട്. കാര്യമായ അസുഖങ്ങളൊന്നും ഇല്ലാതിരുന്ന സിലിയുടെ രോഗങ്ങള്‍ മാറാനെന്ന പേരിലാണ് ജോളി ആയുര്‍വേദ മരുന്ന് കുപ്പിയിലാക്കി പുലിക്കയത്തെ ഷാജുവിന്റെ വീട്ടില്‍ എത്തിച്ചത്. 2014 മേയ് മൂന്നിന് മകള്‍ ആല്‍ഫൈന്‍ മരിച്ച ശേഷമാണ് സിലിയെ ഇല്ലായ്മ ചെയ്യാന്‍ ജോളി തന്ത്രങ്ങള്‍ മെനഞ്ഞതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.

ജോളി എത്തിച്ച മരുന്ന് എല്ലാദിവസവും രാത്രി ഷാജു നിര്‍ബന്ധിച്ച് സിലിക്ക് നല്‍കുകയായിരുന്നെന്ന് സിലിയുടെ ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്ഥിരമായി മരുന്ന് കഴിച്ച് അതിന് അടിമയായിത്തിര്‍ന്ന സിലി പിന്നീട് മരുന്ന് കിട്ടാതെവന്നപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു എന്നതിന്റെ തെളിവും പോലീസിന്റെ പക്കലുണ്ട്. ആല്‍ഫൈനെയും സിലിയെയും ഇല്ലാതാക്കി ഷാജുവിനെ സ്വന്തമാക്കുകയെന്ന ജോളിയുടെ ഗൂഢാലോചനയെക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നു എന്നതിന്റെ തെളിവുകളും പോലീസിന്റെ പക്കലുണ്ട്.

ആയുര്‍വേദ മരുന്ന് കഴിച്ചിരുന്നു എന്ന് ഷാജു പറഞ്ഞതനുസരിച്ച് മരുന്നിന്റെ ബാക്കി എത്തിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത് അനുസരിച്ച് വീട്ടുകാര്‍ കൊണ്ടുവന്ന മരുന്നു കുപ്പിയില്‍ വിഷാംശം കണ്ടെത്താനായില്ല. സിലിക്ക് ഷാജു മരുന്നു നല്‍കുന്നതിനു മുമ്പ് സയനൈഡ് ചേര്‍ത്തതോ, സയനൈഡ് ചേര്‍ത്തുവച്ചിരുന്ന മരുന്ന് മാറ്റി ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചതോ ആവാമെന്നാണ് പോലീസിന്റെ നിഗമനം. സംശയങ്ങള്‍ നീങ്ങിയാലുടന്‍ ഷാജുവിന്റെ അറസ്റ്റിലേക്ക് നീങ്ങുമെന്ന് അന്വേഷണ സംഘത്തിലെ ഓഫീസര്‍ വെളിപ്പെടുത്തി.