ജോളിയെ ഇപ്പോള്‍ പിടികൂടിയത് നന്നായി അല്ലായിരുന്നെങ്കില്‍…, വടകര റൂറല്‍ എസ്പി പറഞ്ഞത്

കൂടത്തായി കൂട്ട കൊലപാത കേസില്‍ എല്ലാ കൊലപാതകങ്ങളുടെയും കാരണം സ്വത്തല്ലെന്ന് വടകര റൂറല്‍ എസ്പി. ജോളിയെ ഇപ്പോള്‍ പിടികൂടിയത് നന്നായെന്നും കുറ്റകൃത്യങ്ങള്‍ ഹറോള്‍ഡിന്റെ കഥപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ഭര്‍ത്താവ് റോയിയുടെ കൊലപാതകത്തിലാണ് ഇപ്പോള്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റു മരണങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജോളി കൂടുതല്‍പേരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നോയെന്ന് ഇപ്പോള്‍ പറയാനാകില്ല. ജോളിയുടെ മൊഴിയില്‍ അമ്പതോളം വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. എല്ലാ മരണങ്ങള്‍ സംഭവിച്ചപ്പോഴും ഇവരുടെ സാന്നിധ്യം സംശയം വര്‍ദ്ധിപ്പിച്ചു. ഇത് കല്ലറ തുറന്നു പരിശോധിക്കുന്നതിലേക്ക് നയിച്ചു. കല്ലറ തുറന്നപ്പോള്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രമാണ് കിട്ടിയത്. അവസാനം മരിച്ച കുട്ടിയുടേയും അമ്മയുടേയും മൃതദേഹങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവ വൃത്തിയാക്കുന്നതിന്റെ ഭാഗമായി എടുത്തുമാറ്റിയിരുന്നു.

Loading...

അന്നമ്മ തോമസ് ആയിരുന്നു വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. സ്വത്ത് ലഭിക്കാന്‍ വേണ്ടിയാണ് അന്നമ്മ തോമസിനെ കൊന്നത്. സ്വത്ത് നല്‍കുമെന്ന് വിശ്വസിച്ചിരുന്ന ഭര്‍തൃപിതാവ് ഇത് നല്‍കില്ലെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹത്തെ കൊന്നത്. റോയി തോമസും ജോളിയും തമ്മില്‍ ബന്ധം വഷളായിരുന്നു. റോയിയുടെ മരണത്തില്‍ പോസ്റ്റ് മോര്‍ട്ടം വേണമെന്ന് ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ടിരുന്നത് അമ്മാവന്‍ മാത്യു ആയിരുന്നു. ഇത് വൈരാഗ്യത്തിന് ഇടയാക്കി. ഷാജുവിനെ പോലെ ഭര്‍ത്താവുണ്ടായിരുന്നെങ്കില്‍ നന്നായേനെയെന്ന് ജോളി എപ്പോഴും കരുതിയിരുന്നു എന്നും എസ്പി വ്യക്തമാക്കി.