കൂടത്തായി കേസ് ; കുറ്റപത്രത്തില്‍ ജോളിയുടെ കുത്തഴിഞ്ഞ ജീവിതം

കൂടത്തായി കൊലപാതക പരമ്പരകളില്‍ മുഖ്യപ്രതിജോളിയുടെ കുത്തഴിഞ്ഞ ജീവിതം കുറ്റപത്രത്തില്‍ കൃത്യമായി വരച്ചുകാട്ടി അന്വേഷണ ഉദ്യോഗസ്ഥര്‍. ജോളി കോഴിക്കോട് വച്ച് മാരകരോഗത്തിന്റെ പരിശോധനയ്ക്ക് വിധേയയായതടക്കം ഞെട്ടിക്കുന്നവിവരങ്ങള്‍ അന്വേഷണസംഘം ഇതിനകം ശേഖരിക്കുകയും അനുബന്ധരേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയുടെ വഴിവിട്ടുള്ള ജീവിതം കോടതിക്ക് ബോധ്യപ്പെടുന്നതിന് വേണ്ടിയാണ് ഇവരുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് പരമാവധി തെളിവുകള്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ഇവര്‍ മാരകരോഗത്തിന്റെ പരിശോധനയ്ക്കായി പോയ സ്ഥലവും തീയതിയും രേഖകള്‍ സഹിതം കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

ഇതിനു പുറമേ അറസ്റ്റിലാകുന്നതിന് ആറുമാസം മുന്‍പ് ത്വക്ക് രോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ റിട്ട. ത്വക്ക് രോഗ ഡോക്ടറുടെ അടുത്ത് ജോളി ചികില്‍സ തേടിയിരുന്നു. ഇതിന് ഇവര്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കിയ മരുന്ന്കുറിപ്പടിയും മരുന്നുകളും അന്വേഷണസംഘം ശേഖരിച്ചിരുന്നു. ജയിലില്‍ കഴിയവേ ഈ മരുന്ന ഇവര്‍ക്ക് വനിതാ പോലീസുകാര്‍ വാങ്ങിനല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Loading...

അപരിചിതരായ പുരുഷന്‍മാരെ പരിചയപ്പെട്ടാല്‍ പോലും അടുത്തേക്ക് ചേര്‍ന്നിരുന്ന് സംസാരിക്കുന്ന പ്രകൃതമായിരുന്നു ജോളിക്കുണ്ടായിരുന്നത് എന്നതിന്റെ തെളിവും പോലീസ് കോടതിയില്‍ ഹാജരാക്കി. ഇത് ഇവരുടെ മറ്റൊരു വിചിത്രസ്വഭാവമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

നിലവില്‍ റോയ് തോമസ് വധകേസില്‍മാത്രമാണ് ഇപ്പോള്‍ കുറ്റപ്രതം സമര്‍പ്പിച്ചിരിക്കുന്നത്. മറ്റ് കേസുകളിലും ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കും. ഇപ്പോഴും ജോളിയുമായി ബന്ധപ്പെട്ട ചെറിയ വിവരങ്ങള്‍ പോലും അന്വേഷണസംഘം കൃത്യമായി ശേഖരിക്കുന്നുണ്ട്. ജോളിയുടെ രണ്ടാം ഭര്‍ത്താവായ പൊന്നാമറ്റം ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ഈ മാസം 18നോടെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

ജോളി ജോസഫുമായി കോടതി വരാന്തയില്‍ സംസാരിച്ച ബന്ധുവിനെ ക്രൈംബ്രാഞ്ച് ജില്ലാ ഓഫീസിലേക്ക് വിളിപ്പിച്ച്‌ ചോദ്യം ചെയ്തു. ജോളി കൊലപ്പെടുത്തിയ പൊന്നാമറ്റം ടോം തോമസിന്റെ സഹോദരപുത്രനായ പി.എച്ച്‌ . ജോസഫ് ഹില്ലാരിയോസിനെയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ഹരിദാസ് ഇന്നലെ വിശദമായി ചോദ്യം ചെയ്തത്. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് കൊല്ലപ്പെട്ട കേസില്‍ സാക്ഷിയായ ജോസഫില്‍ നിന്ന് കോടതി നേരത്തെ രഹസ്യ മൊഴിയെടുത്തിരുന്നു.

ജോളിക്കെതിരെ ശക്തമായ മൊഴിനല്‍കിയ ശേഷം അവരുടെ സ്വാധീനത്തിന് വഴങ്ങിയതാണോ എന്നറിയാനാണ് ഇദ്ദേഹത്ത പോലീസ് ഇന്നലെ ചോദ്യം ചെയ്തത്. സഹോദരനുമായുള്ള സ്വത്ത് തര്‍ക്കകേസിന്റെ ആവശ്യത്തിനായി കോടതിയിലെത്തിയപ്പോള്‍, വരാന്തയില്‍ നിന്നിരുന്ന ജോളി അടുത്തേക്ക് വന്ന് സംസാരിക്കുകയായിരുന്നെന്ന് ജോസഫ് മൊഴിനല്‍കി. തന്നെക്കുറിച്ച്‌ പൊന്നാമറ്റം കുടുംബാംഗങ്ങള്‍ക്ക് ഇപ്പോള്‍ എന്തഭിപ്രായമാണുള്ളതെന്നു ജോളി ചോദിച്ചതായും പത്രവാര്‍ത്ത നീ കാണാറില്ലേ അതേ അഭിപ്രായമാണ് എല്ലാവര്‍ക്കും ഉള്ളതെന്ന് മറുപടി നല്‍കിയതായും ജോസഫ് പോലീസിനോട് പറഞ്ഞു. കൂടെയുണ്ടായിരുന്ന വനിതാ പോലീസുകാര്‍ ജോളിയുമായി സംസാരിക്കാന്‍ അനുമതി നല്‍കിയതായും ജോസഫ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ജോളിക്ക് എസ്‌കോര്‍ട്ട് പോയ വനിതാ പോലീസുകാരോട് വിശദീകരണം തേടും.