കൂടത്തായി മോഡല്‍ ഭരതന്നൂരിലും

കൂടത്തായി മോഡല്‍ ഭരതന്നൂരിലും നടന്നതായി സംശയം. തിരുവനന്തപുരം ഭരതന്നൂരില്‍ പതിനാലു വയസ്സുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തും. പത്തു വര്‍ഷങ്ങള്‍ക്കുശേഷമാണ് ആദര്‍ശ് വിജയന്റെ മൃതദേഹം പുറത്തെടുക്കുന്നത്. 2009 ഏപ്രില്‍ 5നാണ് വീട്ടില്‍ നിന്ന് പാലുവാങ്ങാന്‍ പോയ ആദര്‍ശ് വിജയനെ കാണാതാകുന്നത്. പിന്നീട് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ വീടിന് സമീപത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അന്ന് ബന്ധുക്കള്‍ക്ക് ദുരൂഹത തോന്നിയിരുന്നില്ല. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് ദുരൂഹത സംശയിച്ചുതുടങ്ങിയത്. കുളത്തില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും ആദര്‍ശ് മരിച്ചത് വെള്ളം കുടിച്ചല്ലെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, തലയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. തലക്കടിയേറ്റാണ് ആദര്‍ശ് മരിച്ചതെന്ന് മനസിലാക്കിയതോടെയാണ് ദുരൂഹതയേറുന്നത്. ആദ്യം പാങ്ങോട് പൊലീസാണ് കേസില്‍ അന്വേഷണം നടത്തിയത്. പിന്നീടിത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ ക്രൈംബ്രാഞ്ചിന് വിട്ടു.

ലോക്കല്‍ പൊലീസ് തെളിവില്ലെന്നും പ്രതിയെ കണ്ടെത്താനായില്ലെന്നും പറഞ്ഞ് എഴുതി തള്ളിയ കേസ് ക്രൈംബ്രാഞ്ചിന് വിട്ടിട്ടും 10 വര്‍ഷമായിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടായിട്ടില്ല. തുടര്‍ന്ന് ഇപ്പോള്‍ കേസ് ഫയല്‍ പി എസ് സി കേസുകൂടി കൈകാര്യം ചെയ്യുന്ന ഡിവൈഎസ്പി ഹരികൃഷ്ണന് കൈമാറി. ക്രൈംബ്രാഞ്ചിന്റെ പുനഃസംഘടനയുടെ ഭാഗമായി വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകള്‍ തീര്‍പ്പാക്കണമെന്ന് തീരുമാനമുണ്ടായി. ഇതിന്റെ ഭാഗമായാണ് നടപടി. ഇതില്‍ ദുരൂഹതയുള്ളതിനാല്‍ വരുന്ന തിങ്കളാഴ്ച ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് തീരുമാനം.