‘കൂടത്തായിയിൽ കൂടുതല്‍ അറസ്റ്റുണ്ടായേക്കാം’; റോജോ

കൂടത്തായി സംഭവത്തിലെ പരാതിക്കാരന്‍ റോജോയുടെയും സഹോദരി റെഞ്ജിയുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയായി. കൈയിലുള്ള രേഖകളെല്ലാം പൊലീസിന് കൈമാറിയെന്ന് റോജോ പറഞ്ഞു. അറിയാവുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി പറഞ്ഞു. അന്വേഷണത്തില് പൂര്‍ണ തൃപ്തിയുണ്ട്, കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കാമെന്നും റോജോ പറഞ്ഞു.

അതേസമയം, കേസിലെ മുഖ്യ പ്രതി ജോളി ഉൾപ്പടെ മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് താമരശേരി കോടതി നീട്ടി. അന്വേഷണം കോയമ്പത്തൂരിലേക്കടക്കം വ്യാപിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് കസ്റ്റഡി നീട്ടിയത്. പൊലീസിനെതിരെ പരാതികളൊന്നുമില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. ഇവരുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും.

Loading...

മൂന്നുദിവസം കസ്റ്റഡി നീട്ടണമെന്നായിരുന്നു പൊലീസ് ആവശ്യം. ഒരാഴ്ച ചോദ്യം ചെയ്തിട്ടും തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പ്രതിഭാഗം വാദിച്ചു. സയനൈഡ് ആണെന്ന് തോന്നുന്ന വെളുത്ത പൊടി പൊന്നാമറ്റം വീട്ടിൽനിന്ന് കണ്ടെടുത്തെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ജോളിക്കും പ്രജികുമാറിനും കോയമ്പത്തൂരിൽ ബന്ധമുണ്ടെന്നും. ഇവിടുന്ന് സയനൈഡ് ലഭിക്കാൻ എളുപ്പമാണെന്നും. ജോളിയും ജോൺസനും കോയമ്പത്തൂരിൽ പോയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. അതിനാൽ കോയമ്പത്തൂരുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും വ്യക്തമാക്കി.