ജോളിയുടെ ആദ്യ ഭര്‍ത്താവിന് ഏലസ് പൂജിച്ചു നല്‍കിയ ജോത്സ്യന്‍ ഒളിവില്‍; തകിടിലൂടെ വിഷം ഉള്ളില്‍ കടക്കാനുള്ള സാധ്യത പരിശോധിക്കുന്നു

ഇടുക്കി : കൂടത്തായി കൂട്ടമരണം സംബന്ധിച്ച് ഓരോ നിമിഷവും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത ഏലസിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഏലസ് പൂജിച്ചു നല്‍കിയ കട്ടപ്പനയിലെ ജോത്സ്യന്‍ ഒളിവിലാണ്.

കൊലപാതക വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതു മുതല്‍ ഇയാളെ കാണാനില്ലെന്നാണ് സൂചന. മകന്‍ രാവിലെ വീട്ടില്‍ നിന്നും പോയതാണെന്ന് ജോത്സ്യന്റെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ജോളിയുടെ നാടായ കട്ടപ്പനയിലെ ജോത്സ്യനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചുവെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല.

Loading...

പൊന്നാമറ്റം തറവാടിന് ദോഷമുണ്ടെന്നും അതുകൊണ്ട് കൂടുതല്‍ കുടുംബാംഗങ്ങള്‍ മരിക്കുന്ന് ഒരു ജോത്സ്യന്‍ പ്രവചിച്ചിരുന്നതായി ജോളി പറഞ്ഞിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇതിന്റെ പരിഹാരക്രിയകള്‍ക്കിടെയാണ് റോയിയുടെ മരണമെന്നും ജോളി അയല്‍ക്കാരെ വിശ്വസിപ്പിച്ചിരുന്നു. മരിച്ച റോയിയുടെ ശരീരത്തില്‍ നിന്നും ഏലസ് കണ്ടെത്തിയിരുന്നു.

റോയിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന തകിടിനെ കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. തകിടിലൂടെ വിഷം ഉള്ളില്‍ കടക്കാന്‍ സാധ്യതയുണ്ടോ എന്നാണ് പരിശോധിച്ചു വരുന്നത്. തകിട് നല്‍കിയ ജോത്സ്യന്റെ വിലാസവും ഒരു പൊതിയില്‍ എന്തോ പൊടിയും റോയി ധരിച്ച പാന്റിന്റെ കീശയില്‍ ഉണ്ടായിരുന്നു.

അസ്വഭാവിക മരണത്തിന് കേസെടുത്ത കോടഞ്ചേരി പോലീസ് ഈ വസ്തുക്കള്‍ ശേഖരിച്ചുവെങ്കിലും പിന്നീട് ജോളി സ്‌റ്റേഷനില്‍ നല്‍കിയ അപേക്ഷ അനുസരിച്ച് ഇവ വിട്ടു നല്‍കുകയായിരുന്നു.