കൂടത്തായിയില്‍ മൂന്നാമത്തെ കുറ്റപത്രവും നല്‍കി

കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാം കേസിലും ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ആല്‍ഫൈന്‍ വധക്കേസിലാണ് താമരശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ചടങ്ങ് നടക്കുന്നതിനിടെ ആല്‍ഫൈന് ബ്രഡില്‍ സയനൈഡ് പുരട്ടി നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എസ്പി കെ ജി സൈമണ്‍ പറഞ്ഞു.

സയനൈഡ് പുരട്ടിയ ബ്രഡ്ഡ് ആല്‍ഫൈന്റെ അമ്മ സിലിയുടെ സഹോദരി ഹാന്‍സിയുടെ കയ്യിലാണ് നല്‍കിയത്. അവരാണ് കുട്ടിക്ക് ബ്രഡ്ഡ് നല്‍കിയത്. ഇതു കഴിച്ച കുട്ടി വയ്യാതായപ്പോള്‍ ബ്രഡ്ഡ് തൊണ്ടയില്‍ കുടുങ്ങി എന്നാണ് പ്രചരിപ്പിച്ചത്. വിഷം അകത്തുചെന്നാണ് കുട്ടി മരിച്ചതെന്ന് അറിയാതെ, തങ്ങള്‍ നല്‍കിയ ഭക്ഷണം നല്‍കിയപ്പോഴാണല്ലോ കുട്ടിക്ക് മരണം സംഭവിച്ചതെന്ന വിഷമത്തിലായിരുന്നു ബന്ധുക്കളെന്ന് എസ് പി സൈമണ്‍ പറഞ്ഞു.
ഷാജുവിനെ സ്വന്തമാക്കാന്‍ ആല്‍ഫൈന്‍ ബാധ്യതയാകുമെന്ന് കരുതിയാണ് ജോളി കുട്ടിയെ വകവരുത്താന്‍ പദ്ധതിയിട്ടതെന്നും സൈമണ്‍ പറഞ്ഞു. തങ്ങളുടെ നിഗമനം മെഡിക്കല്‍ ബോര്‍ഡ് ശരിവെച്ചെന്നും എസ്പി അറിയിച്ചു. ജോളി ബാഗില്‍ പ്രത്യേക അറയിലാണ് സയനൈഡ് കൊണ്ടുനടന്നിരുന്നതെന്നും എസ്പി പറഞ്ഞു. സാക്ഷി മൊഴികള്‍ അടക്കം കൂട്ടിയോജിപ്പിച്ചാണ് കേസില്‍ നിര്‍ണായ തെളിവ് കണ്ടെത്തിയത്.

Loading...

500ഓളം പേജുള്ളതാണ് കുറ്റപത്രം. 129 സാക്ഷികളും 130 രേഖകളും അടങ്ങുന്നതാണ് കുറ്റപത്രം. കേസില്‍ റോയി തോമസിന്റെ സഹോദരന്‍ റോജോ തോമസ് മുഖ്യസാക്ഷിയാണ്.

കൂടത്തായി കൊലപാതക പരമ്പരയിൽ രണ്ടാം കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിരുന്നു. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഭാര്യ സിലി കൊലപ്പെട്ട കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഷാജു ഉൾപ്പെടെ 165 സാക്ഷികളാണ് കേസിലുള്ളത്. 192 രേഖകളും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു.

ഗുളികയിൽ സയനൈഡ് ചേർത്ത് നൽകിയാണ് സിലിയെ ജോളി കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി കെ ജി സൈമൺ പറഞ്ഞു. സിലിയുടെ മകൻ ഇതിന് സാക്ഷിയാണ്. ഗുളിക നൽകിയ ശേഷം ജോളിയുടെ ബാഗിൽ കരുതിയിരുന്ന കുപ്പിയിലെ വെള്ളമാണ് നൽകിയതെന്ന് മകൻ മൊഴി നൽകിയിരുന്നു. ഇതിനിടെ ഐസ്‌ക്രീം വാങ്ങി കഴിച്ചോളാൻ പറഞ്ഞ് ജോളി കുട്ടിക്ക് 50 രൂപ നൽകി. അസ്വാഭാവികത തോന്നി കുട്ടി തിരിച്ചുവന്നപ്പോൾ സിലി മറിഞ്ഞുവീഴുന്നതാണ് കണ്ടത്. ഇത് കണ്ട് ജോളി ചിരിക്കുകയായിരുന്നുവെന്നും കുട്ടി വ്യക്തമാക്കിയതായി കെ ജി സൈമൺ പറഞ്ഞു.

സിലി മരിച്ചു വീണതിന് പിന്നാലെ ജോളി സിലിയുടെ സഹോദരനെ വിളിച്ചു വരുത്തി. താൻ തെറ്റുകാരിയല്ലെന്ന് വരുത്തിതീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. ദൂരെയുള്ള ആശുപത്രിയിലെത്തിക്കാൻ ജോളി നിർബന്ധം പിടിച്ചു. ജനതാ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ സിലിയുടെ വയർ കഴുകുന്നത് ഉൾപ്പെടെ ചെയ്തു. ഹിസ്റ്ററി ഷീറ്റിൽ വിഷം ഉള്ളിൽ ചെന്നിരുന്നു എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് ആരും ഗൗരവത്തിലെടുത്തില്ല. കാര്യമാക്കിയിരുന്നെങ്കിൽ സിലി ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു. ഇതിൽ ഡോക്ടറുടെ മൊഴി നിർണായകമാണെന്നും സൈമൺ പറഞ്ഞു.