കുട്ടിക്കൽ ഉരുൾപൊട്ടൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി, ആകെ മരണം 4 ആയി

മുണ്ടക്കയം: കുട്ടിക്കൽ ഉരുൾപൊട്ടലിൽ മരണം നാലായി. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. കൂട്ടിക്കൽ വെട്ടിക്കാനത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഇന്നലെ കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചെന്നാണ് പുറത്ത് വരുന്നത് വിവരം. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കലിലെ മാർട്ടിന്റെ ഭാര്യയും മക്കളും ഉൾപ്പെടെ ആറ് പേരാണ് ഉരുൾപൊട്ടലിൽ മരിച്ചതെന്നാണ് ഇന്നലെ പുറത്തുവന്ന വിവരം. മാർട്ടിൻ, അമ്മ അന്നക്കുട്ടി, മാർട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തിൽ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാർത്ഥികളാണ്. ഇവരിൽ മൂന്നുപേരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. കൂട്ടിക്കലിലും കൊക്കയാറിലും തെരച്ചിൽ തുടരുകയാണ്. രണ്ടിടങ്ങളിലായി 14 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

നാവിക സേന ഹെലികോപ്റ്ററുകൾ കൂട്ടിക്കലിലേക്ക് പോകും. ദുരന്ത മേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്യും . തുടർന്ന് രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളാകും. കൊച്ചിയിൽ നിന്നും എട്ടരയോടെ രണ്ടു ഹെലികോപ്റ്ററുകൾ പുറപ്പെടും . ഏന്തയാർ ജെ ജെ മർഫി സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കാനാണ് നിർദേശം. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പലഭാ​ഗത്തും മഴ ഇപ്പോഴും തുടരുകയാണ്. കോട്ടയം കുമളി കെ കെ റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. എംസി റോഡിലും ദേശീയ പാതയിലും തടസമില്ല . ഇടുക്കിയിൽ മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രണം തുടരുന്നു. കോഴിക്കോട് ജില്ലയിൽ വീണ്ടും മഴ തുടങ്ങി.ശക്തമായ മഴയല്ല അനുഭവപ്പെടുന്നത്. തിരുവനന്തപുരം നെടുമങ്ങാട് മണ്ണിടിഞ്ഞ് വീട് തകർന്നു. പനയുട്ടം സ്വദേശി പരമേശ്വര പിള്ളയുടെ വീടാണ് തകർന്നത്.

Loading...