രഖില്‍ അന്തര്‍മുഖനായിരുന്നുവെന്ന് ബന്ധു; പ്രണയമുണ്ടായിരുന്നതായി അറിഞ്ഞിരുന്നില്ല

കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖില്‍ അന്തര്‍മുഖനായിരുന്നുവെന്ന് ബന്ധു. അധികം സംസാരിക്കാത്ത, ഒതുങ്ങിയ പ്രകൃതക്കാരനായിരുന്നു. തോക്ക് തരപ്പെടുത്താന്‍ തക്ക ബന്ധം രഖിലിന് ഉണ്ടായിരുന്നില്ല. നാട്ടില്‍ സുഹൃത്തുക്കള്‍ കുറവായിരുന്നു. ഇന്റീരിയര്‍ ഡിസൈനറായിരുന്ന രഖില്‍ ജോലിയുമായി ബന്ധപ്പെട്ട് അധികവും പുറത്തായിരുന്നു. എംബിഎയൊക്കെ കഴിഞ്ഞ ആളാണ്. മാനസയുമായി ബന്ധമുണ്ടായിരുന്നതൊന്നും അറിഞ്ഞിരുന്നില്ല. കൊലപാതകത്തിന് ശേഷമാണ് സംഭവത്തെക്കുറിച്ച് അറിയുന്നതെന്നും ബന്ധു വ്യക്തമാക്കി.

അതേസമയം രഖില്‍ എറണാകുളത്തുപോയത് മാനസയെ കാണാന്‍ വേണ്ടി മാത്രമാണെന്നും രഖിലിന് എറണാകുളത്ത് ജോലി ഉണ്ടായിരുന്നില്ലെന്നും സുഹൃത്ത് വെളിപ്പെടുത്തി. രഖിലും മാനസയും തമ്മില്‍ പ്രണയം തുടങ്ങിയത് ഒരു വര്‍ഷം മുന്‍പെന്നും സുഹൃത്ത് ആദിത്യന്‍ പറഞ്ഞു. രഖിലിന് തോക്ക് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് അറിയില്ല. ബംഗളൂരുവില്‍ രഖിലിന് ബന്ധമുണ്ടായിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി.

Loading...

മാനസയെ കൊലപ്പെടുത്താന്‍ രഖില്‍ ഉപയോഗിച്ച തോക്ക് വടക്കേ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്നതെന്നാണ് സൂചന. ലൈസന്‍സ് ഇല്ലാത്ത ഈ തോക്ക് കേരളത്തില്‍ കണ്ടുവരാത്ത തരമാണെന്നാണ് പ്രാഥമിക നിഗമനം. തോക്ക് ഫാക്ടറി നിര്‍മിതമല്ലെന്നും കണ്ടെത്തിയുണ്ട്. തോക്കിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടത്തുന്നത്. രഖില്‍ വടക്കേ ഇന്ത്യയില്‍ പോയതായി സൈബര്‍ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിഹാര്‍, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ പോയതായാണ് വിവരം. വടക്കേ ഇന്ത്യയില്‍ ലഭിക്കുന്ന തരത്തിലുള്ള ഈ തോക്ക് രഖില്‍ തന്നെ കേരളത്തിലേക്ക് കൊണ്ടുവന്നതാകാമെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇന്നലെയാണ് ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനിയായ മാനസ കൊല്ലപ്പെടുന്നത്. 24 വയസായിരുന്നു. കോളജിനോട് ചേര്‍ന്ന് മാനസി താമസിക്കുന്ന സ്ഥലത്ത് വച്ചാണ് കൊലപാതകം നടക്കുന്നത്. രണ്ട് വെടിയാണ് മാനസിക്ക് ഏറ്റത്. വലത് ചെവിയുടെ താഴ്ഭാഗത്തായി ഒരു വെടിയേറ്റിട്ടുണ്ട്. രണ്ടാമത്തെ വെടി നെഞ്ചിന്റെ വലതുഭാഗത്താണ് ഏറ്റത്. വെടിയുണ്ട ശരീരത്തില്‍ കയറി ഇറങ്ങി പോയ പാടുകളുണ്ടെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. സാധാരണ ഒരു എയര്‍ ഗണ്‍ ഉപയോഗിച്ച് ഇത്തരത്തില്‍ വെടിയുതര്‍ക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ബാലിസ്റ്റിക് വിദഗ്ധരെത്തി കൂടുതല്‍ കാര്യങ്ങള്‍ സ്ഥിരീകരിക്കും.