കോട്ടയത്ത് രോ​ഗം സ്ഥിരീകരിച്ചത് ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ യുവാവിന് : ആശങ്കയോടെ ആരോ​ഗ്യ പ്രവർത്തകർ

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. മെയ് 11ന് ദുബായില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പായിപ്പാട് പഞ്ചായത്തിലെ നാലു കോടി സ്വദേശിക്കും(30) മെയ് 17ന് അബുദാബിയില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വൈക്കം ഇരുമ്പൂഴിക്കര സ്വദേശിക്കു(37)മാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്.

പ്രായമായ ദമ്പതികളും ഒരു കുട്ടിയും ഉള്‍പ്പെടെ മൂന്നു ബന്ധുക്കള്‍ക്കൊപ്പം എത്തിയതിനാലാണ് നാലുകോടി സ്വദേശിക്ക് ഹോം ക്വാറന്‍റയിനില്‍ കഴിയാന്‍ അനുമതി നല്‍കിയത്. ബന്ധുക്കള്‍ മൂന്നുപേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. ക്വാറന്‍റയിന്‍ കാലാവധി ഇന്ന് പൂര്‍ത്തിയാകാനിരിക്കെയാണ് യുവാവിന് രോഗം കണ്ടെത്തിയത്. ഇയാള്‍ക്ക് പ്രകടമായ രോഗ ലക്ഷണങ്ങളില്ല. ഇതേ വിമാനത്തിലെത്തിയ മറ്റു രണ്ടു പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.

Loading...

അബുദാബിയില്‍നിന്നുള്ള വിമാനത്തില്‍ ഇരുമ്പൂഴിക്കര സ്വദേശിക്കൊപ്പമെത്തിയ നാലു സുഹൃത്തുക്കളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇതേ വിമാനത്തില്‍ വന്ന മൂന്നു പേര്‍ക്ക് മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടു പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ കോട്ടയം ജില്ലയില്‍ കൊറോണ ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയി.
ഇതുവരെ 22 പേര്‍ ജില്ലയില്‍ രോഗമുക്തരായി.