ശശിതരൂരിനെ പരോക്ഷമായി വിമർശിച്ച് കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് കുറിപ്പ് ; വിവാദമായതോടെ പിൻവലിച്ചു

കോട്ടയം: ശശിതരൂർ എംപിയെ വിമർശിച്ച് കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് കുറിപ്പ്. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിലായിരുന്നു പോസ്റ്റ്. എന്നാൽ സംഭവം വിവാദമായതോടെ പോസ്റ്റ് അപ്രത്യക്ഷമായി. ഈ പോസ്റ്റിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് ശശി തരൂർ അനുകൂലികൾ.

എന്നാൽ കോട്ടയം ഡിസിയുടെ ഔദ്യോഗിക അക്കൗണ്ടല്ല ഇതെന്നാണ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വ്യക്തമാക്കുന്നത്. പേജിൽ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും സുരേഷ് പറഞ്ഞു. വിവാദങ്ങൾ അവസാനിച്ചു. ഇനി തർക്കങ്ങൾക്കില്ല. സംഘടനാ കീഴ്വഴക്കങ്ങൾ പാലിക്കണമെന്ന് മാത്രമാണ് പറഞ്ഞത്. തരൂർ വരുന്നതിനെ എതിർത്തിട്ടില്ല. താൻ പറയുന്ന കാര്യങ്ങളല്ല വാർത്തയായി വരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Loading...

അതേസമയം സുരേഷിന്റെ നമ്പറാണ് പേജിൽ നൽകിയിരിക്കുന്നതെന്നാണ് ശശി തരൂരിന്റെ അനുകൂലികൾ ചൂണ്ടിക്കാണിക്കുന്നത്. ശശിതരൂർ കോട്ടയത്ത് പൊതുപരിപാടിക്കെത്തിയ വിവരം ജില്ല കോൺഗ്രസ് കമ്മറ്റിയെ അറിയിച്ചില്ലെന്ന് നാട്ടകം സുരേഷ് ആരോപിച്ചിരുന്നു. തരൂരിന്റെ പരിപാടിയിൽ നിന്ന് വിട്ടുനിന്ന സുരേഷ് തരൂരിനെതിരെ പരാതി നൽകുമെന്നും പറഞ്ഞിരുന്നു.