വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം: കോട്ടയത്ത് അയൽവാസി മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊന്നു; പ്രതി അറസ്റ്റിൽ

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് അയൽവാസിയായ മധ്യവയസ്കനെ കല്ലെറിഞ്ഞു കൊന്നു. സംഭവത്തിൽ പ്രതി അറസ്റ്റിലായി. മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജ് (സാബു – 53 ) ആണ് മരിച്ചത്. മരിച്ചയാളുടെ അയൽവാസിയായ ബിജു ആണ് പൊലീസ് പിടിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

നേരത്തെ, വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സാബുവും അയൽവാസി ബിജുവും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിൻ്റെ തുടർച്ചയാണ് ഇന്ന് നടന്ന സംഭവമെന്നാണ് സൂചന. കഴിഞ്ഞ ദിവസം വൈകിട്ട് 6.45 ഓടെയാണ് സംഭവം നടന്നത്. മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളിയായ ജേക്കബ് പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അയൽവാസിയുടെ കല്ലേറിൽ കൊല്ലപ്പെട്ടത്.

Loading...

മുഖത്തും ശരീരത്താകമാനവും കല്ലേറിൽ പരുക്കേറ്റ ജേക്കബ് ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണപ്പെടുകയായിരുന്നു. തുടർന്ന് പ്രതി ഒളിവിൽ പോയിരുന്നു. പോലീസ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.