കോട്ടയം: ഫയര്‍ഫേഴ്‌സിനു തീയണയ്ക്കാന്‍ ഇത്ര വിഷമമില്ലായിരുന്നു അതുകഴിഞ്ഞു തിരിച്ച് പുറപ്പെട്ടപ്പോള്‍ കിട്ടിയ പണിയോ അതികഠിനവും. അപകടത്തില്‍ എല്ലാവര്‍ക്കും രക്ഷകരാകുന്ന ഫയര്‍ഫോഴ്‌സിന് അവസാനം രക്ഷയായതു നാട്ടുകാരുടെയും കൈക്കരുത്തും ജെ.സി.ബിയുടെ കൈയും. ഇന്നലെ രാത്രി എസ്.എച്ച്. മൗണ്ടിനു സമീപമുണ്ടായ തീപിടിത്തം അണച്ചശേഷം തിരിച്ച്മടങ്ങിയ ഫയര്‍എന്‍ജിന്‍ എം.സി. റോഡില്‍ താഴ്ന്നതാണു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ വലച്ചത്. രാത്രി 10.30ന് എം.സി. റോഡില്‍ ചൂട്ടുവേലി കവലയില്‍ എസ്.എച്ച്. മൗണ്ട്ചുങ്കം റോഡിലാണു സംഭവം. എസ്.എച്ച്. മൗണ്ട് പള്ളിയ്ക്കു സമീപം കൂട്ടിയിട്ടിരുന്ന മാലിന്യത്തിനു തീപിടിച്ചതറിഞ്ഞാണു കോട്ടയത്തുനിന്ന് അഗ്‌നിശമനസേനയെത്തിയത്. തീ നിയന്ത്രണവിധേയമാക്കിയശേഷം തിരികെ എം.സി. റോഡിലേയ്ക്കു മടങ്ങുമ്പോള്‍ വാഹനം താഴുകയായിരുന്നു. കെ.എസ്.ടി.പി. നിര്‍മാണത്തിന്റെ ഭാഗമായി എസ്.എച്ച്. മൗണ്ട്ചുങ്കം ഭാഗത്തേക്കുള്ള റോഡ് അടിച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ പുതിയമണ്ണ് പാകിയശേഷം പകുതിയോളം ഭാഗം താല്‍ക്കാലികമായി ഗതാഗതത്തിനു തുറന്നുകൊടുത്തിരുന്നു. രാവിലെ മുതല്‍ ഇരുചക്രവാഹനങ്ങളും കാറുകളുമാണ് ഇതുവഴി സഞ്ചരിച്ചിരുന്നത്. ഇതറിയാതെയെത്തിയ അഗ്‌നിശമനസേനയുടെ വാഹനത്തിന്റെ പിന്നിലെ ടയറുകള്‍ മണ്ണില്‍താഴ്ന്നുപോവുകയായിരുന്നു. ഇതേത്തുടര്‍ന്നു വാഹനത്തിന്റെ പിന്‍ഭാഗം റോഡില്‍ ഉരസിനിന്നു. ഇതോടെ മുന്നോട്ട് പോകാനാകാതെ വരികയായിരുന്നു. ഒരു മണിക്കൂര്‍നേരം പരിശ്രമിച്ചെങ്കിലും വാഹനം ഒരടി മുന്നോട്ട് അനങ്ങിയില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹായം ഫയര്‍ഫോഴ്‌സ് തേടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സ് അംഗങ്ങളും ചേര്‍ന്ന് വാഹനം തള്ളിക്കയറ്റാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. വാഹനത്തിലെ വെള്ളംമുഴുവന്‍ തുറന്നുവിട്ട് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് രാത്രി 12ന് എം.സി റോഡ് പുനര്‍നിര്‍മ്മിക്കുന്ന ശ്രീധന്യകമ്പനിയുടെ ജെ.സി.ബി എത്തിച്ച് കയര്‍ ഉപയോഗിച്ച് കെട്ടിവലിക്കുകയും നാട്ടുകാര്‍ പിന്നില്‍നിന്നു തള്ളിയുമാണ് ഫയര്‍എന്‍ജിന്‍ കുഴിയില്‍നിന്നു വലിച്ചുകയറ്റിയത്.