യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘം പിടിയില്‍.

കോട്ടയം;  യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ നാലു പ്രതികള്‍ പിടിയില്‍. അമയ്മനം വട്ടയ്ക്കാട് ജയന്തി ഭാഗം മാങ്കീഴപ്പടി വിനീത് (28), ആര്‍പ്പൂക്കര വെട്ടൂര്‍കവല അത്താഴപ്പാടം നിഷാദ് (32), അയ്മനം ഇരവീശ്വരം അമ്പലത്തിനു സമീപം പുളിക്കപ്പറമ്പില്‍ ലക്ഷ്മീ വിലാസത്തില്‍ ജയകൃഷ്ണന്‍ (25), അയ്മനം പതിമറ്റം കോളനി സരസ്വതി നിലയത്തില്‍ കെ.ആര്‍. രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം മാളിയേക്കല്‍ പറമ്പില്‍ അബ്ദുള്‍ ബാഷിദ് നൈജു(24)വിനെ വെട്ടിയ കേസിലാണ് അറസ്റ്റ്. ഞായറാഴ്ച രാത്രി 8.30ന് കുര്യന്‍ ഉതുപ്പ് റോഡില്‍ മുന്‍സിപ്പല്‍ പാര്‍ക്കിനു സമീപത്തുവച്ചാണു നൈജുവിനെ അക്രമി സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. നാഗമ്പടത്തെ കടയില്‍നിന്നു നഗരത്തിലേക്കു ബൈ ക്കില്‍ പോകുകയായിരുന്ന നൈജുവിനെ കാറിലും ബൈക്കിലും പിന്തുടര്‍ന്നെത്തിയവര്‍ തടഞ്ഞു നിര്‍ത്തി വഴിചോദിച്ചു. വഴി പറഞ്ഞു കൊടുത്തുകൊണ്ടിരുന്ന നൈജുവിനെ ബൈക്കിലെത്തിയവര്‍ വെട്ടുകയായിരുന്നു.

വിനീതും നിഷാദും ചേര്‍ന്നാണു നൈജുവിനെ വെട്ടിയത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ വിഷുവിനു നൈയ്ജുവും പ്രതികളും തമ്മിലുള്ള അടിപിടിയെത്തുടര്‍ന്നുണ്ടായ വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആര്‍പ്പൂക്കര തൊമ്മന്‍കവല സ്വദേശിയായ ഓട്ടോഡ്രൈവര്‍ സജു ജോസഫിനെ കഴിഞ്ഞ വര്‍ഷം പുലിക്കുട്ടിശേരിയില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായ വിനീത്.അടിപിടി, വെട്ട്, മോഷണം എന്നിങ്ങനെ മുപ്പതോളം കേസുകളിലെ പ്രതിയായ വിനീതാണു സംഘത്തലവന്‍. ഓട്ടോഡ്രൈവര്‍ കൊലക്കേസിലെ ഒന്നാം പ്രതിയായ വിനീത് ജാമ്യത്തിലിറങ്ങിയശേഷവും നിരവധി കേസുകളില്‍ പ്രതികളായിരുന്നു. നാഗമ്പടത്തു തട്ടുകട ഉടമയെ വെട്ടിയ കേസ് ഉള്‍പ്പെടെയുള്ളവയില്‍ ഇയാള്‍ പ്രതിയാണ്.