കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യ: സീരിയൽ നടിയുടെ ഫോൺപിടിച്ചെടുത്തു

കൊല്ലം: കൊട്ടിയത്ത്  യുവതി ആത്മഹത്യ ചെയ്ത കേസില്‍ യുവതിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചു. സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോയാണ് ഗര്‍ഭച്ഛിദ്രം നടത്തിയത്. പ്രതി ഹാരിസിന്‍റെ ബന്ധുവായ സീരിയൽ നടിയെ പൊലീസ് ചോദ്യം ചെയ്യും. കേസിൽ പ്രധാന പ്രതി പള്ളിമുക്ക് ഇക്ബാൽ നഗർ 155 ഹാരീസ് മൻസിലിൽ ഹാരീസി(26)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം പ്രതിയുടെ മാതാപിതാക്കളിലേക്കും സീരിയൽ നടിയായ സഹോദര ഭാര്യയിലേക്കും അന്വേഷണം നീളുമെന്ന് ഉറപ്പായി. വിവാഹം ഉറപ്പിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത ശേഷം വാഗ്ദാന ലംഘനം നടത്തുകയും റംസി(24) യെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുകയും ചെയ്ത കേസിൽ പ്രമുഖ സീരിയൽ നടിയുടെ പങ്ക് അന്വേഷിക്കണമെന്ന് റംസിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു.

Loading...

2019 ജൂലൈയിൽ ഹാരിസും ബന്ധുക്കളും ചേർന്ന് ഗർഭച്ഛിദ്രത്തിന് വിധേയമാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിനായി യുവതിയെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോയി. ഹാരിസിന്‍റെ ബന്ധുവായ സീരിയൽ നടിയുടെ ഷൂട്ടിങിന് കൂട്ട് പോകണം എന്നു പറഞ്ഞാണ് യുവതിയെ വരനും ബന്ധുക്കളും കൊണ്ടുപോയത്. ഈ സമയത്ത് പെൺകുട്ടി രണ്ട് മാസം ഗർഭിണിയായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് ഗർഭം സ്ഥിരീകരിച്ചത്. ഇതിന്‍റെ രേഖകൾ പൊലീസ് ശേഖരിച്ചു. നടിക്കും ഭർത്താവിനും ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകി. റിമാന്‍റില്‍ കഴിയുന്ന ഹാരിസിനായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.പ്രാഥമിക പരിശോധനയ്ക്കായി നടി ഉൾപ്പെടെയുള്ള പ്രതിയുടെ കുടുംബാംഗങ്ങളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും കൊട്ടിയം എസ്ഐ അമൽ സി. പറഞ്ഞു. വരും ദിവസങ്ങളിൽ നടിയെ വിശദമായി ചോദ്യം ചെയ്യുമെന്നും കൊട്ടിയം എസ്ഐ പറഞ്ഞു.

റംസിയുടെ മരണത്തിൽ ഹാരീസിന്റെ സഹോദര ഭാര്യയായ സീരിയൽ നടിയെയും ഹാരീസിന്റെ കുടുംബത്തെയും പ്രതി ചേർക്കണമെന്ന് റംസിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.