റംസിയുടെ ആത്മഹത്യ: ലക്ഷ്മിയ്ക്കായി ഉന്നത ഇടപെടലെന്ന് റംസിയുടെ പിതാവ്

കൊട്ടിയം: കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസിൽ പ്രതികളെ രക്ഷപെടുത്താൻ ശ്രമം നടക്കുന്നവെന്ന ആരോപണവുമായി റംസിയുടെ കുടുംബം. ദുർബല വകുപ്പുകൾ ചുമത്തി രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് റംസിയുടെ പിതാവ് റഹിമിന്റെ ആരോപണം. നിലവിൽ അറസ്റ്റിലായ ഹാരീസ് മുഹമ്മദിൽ അന്വേഷണം ഒതുക്കാനാണ് ശ്രമം. മരണം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും ആരോപണ വിധേയരിൽ ഒരാളെ മാത്രമാണ് പൊലീസ് ചോദ്യം ചെയ്തതെന്നു. പ്രതിസ്ഥാനത്തുള്ള സീരിയൽതാരം ലക്ഷ്മി പ്രമോദിനെ ഒരിക്കൽ മാത്രമാണ് വിളിപ്പിച്ചതെന്നും റഹിം പറയുന്നു. കേസിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും റഹീം വ്യക്തമാക്കി.

ഇതിനിടയിൽ സീരിയൽ നടി ലക്ഷ്മി പ്രമോദ് കൊല്ലം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. റംസിയുമായി നല്ല അടുപ്പത്തിലായിരുന്നു ലക്ഷ്മി. ഇവർ ഒന്നിച്ചുചെയ്ത ടിക്ടോക് വിഡിയോകൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. ഉന്നത ബന്ധങ്ങൾ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനാണ് ശ്രമമെന്നും നടി ഒളിവിൽ പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ പറയുന്നതെന്നും റഹിം പറയുന്നു. മകൾക്ക് നീതി കിട്ടും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും റഹീം പറയുന്നു.

Loading...

നടിയും കേസിൽ ആരോപണ വിധേയരായവരും ഒളിവിലാണ്. ഇവർക്കായുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. ലക്ഷ്മിയെയും ഭർത്താവിനെയും കഴിഞ്ഞ ആഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. റംസി മൂന്നു മാസം ഗർഭിണിയായിരിക്കേ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നടി കൊല്ലം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ ക്വാറന്റീനിൻ ആണെന്ന കാരണം പറഞ്ഞ് അന്വേഷണം വൈകുന്നത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും റംസിയുടെ പിതാവ് ആവശ്യപ്പെട്ടു. റംസിയെ മാനസികമായി പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കാൻ കൂട്ടുനിൽക്കുകയും ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കുകയും ചെയ്ത ഹാരീസിന്റെ അമ്മയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും റഹീം ആവശ്യപ്പെട്ടു.