കോവളം തീരത്തടിയുന്ന നിധിക്കായി സ്വർണ വേട്ടക്കാർ

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അറബിക്കടലിന്റെ ഓരം ചേര്‍ന്നിരിക്കുന്ന സ്വപ്ന സുന്ദരിയാണ് കോവളം ബീച്ച്. ഒരുവശത്ത് പച്ചപ്പും മറുവശത്ത് അറബിക്കടലിന്റെ മനോഹാരിതയും തുളുമ്പുന്ന കോവളം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പക്ഷെ ഇപ്പോൾ സഞ്ചാരികൾ ഒഴിഞ്ഞ തീരത്തേയ്ക്ക് സ്വർണവേട്ടയ്ക്കായി ആളുകളുടെ തിരക്കാണ്. കടലമ്മയെടുക്കുന്നത് കടലമ്മ തന്നെ തിരിച്ച് കൊടുക്കുമെന്നാണല്ലോ പഴമക്കാർ പറയുന്നത്. ഇത്തരത്തിൽ കടലമ്മയുടെ സമ്മാനമായി അഞ്ചു പവൻ വരെ കിട്ടിയവരുണ്ട് കൂട്ടത്തിൽ.

വെള്ള മണലിൽ സാധനങ്ങൾ വീണാൽ പുതഞ്ഞുപോകുന്ന സ്ഥിതിയുണ്ട്. കറുത്ത മണൽ പുതയുന്ന സ്വഭാവമില്ലാത്തതിനാൽ കളഞ്ഞുപോയ വസ്തുക്കൾ തെളിഞ്ഞു വരുമത്രെ. ഇതിലാണ് സ്വർണവേട്ടക്കാരുടെ നോട്ടം. അപ്രതീക്ഷിത നിധി ലഭ്യതയുടെ മാടിവിളിയിൽ ലോട്ടറി വിൽപനക്കാർ പോലും സ്വർണം തിരയാൻ തീരത്തേക്ക് വരുന്നുണ്ട്. തീരത്തെത്തിയ സഞ്ചാരികളിൽ നിന്നു കടലിലും തീരത്തുമായി നഷ്ടപ്പെട്ട സ്വർണ-വെള്ളി ആഭരണങ്ങൾ, നാണയത്തുട്ടുകൾ അങ്ങനെ എന്നന്നേക്കുമായി കൈമോശം വന്നുവെന്നു വിചാരിച്ച വിലപിടിച്ച വസ്തുക്കൾ ഈ മൺസൂൺ കാലത്ത് കടലമ്മ തിരിച്ച് തരും.

വിദഗ്ധരായ തിരച്ചിലുകാർക്കാവും ഇവ കളഞ്ഞുകിട്ടുക. ഉടമകളാരെന്നു പോലും അറിയാത്ത സ്ഥിതിയിൽ കളഞ്ഞുകിട്ടുന്നവർക്കു തന്നെ ഇവ സ്വന്തം. സീസൺ കാലത്തു തീരത്തു നിരക്കുന്ന വെള്ളമണലിലാവും സഞ്ചാരികളുടെ വിലപ്പെട്ട വകകൾ നഷ്ടപ്പെട്ടിട്ടുണ്ടാവുക. കാലവർഷത്തിരകൾ വലിച്ചുനീക്കുന്ന വെള്ളമണൽ മാറിവരുന്ന കറുത്ത മണ്ണിനടിയിൽ നിന്നാണ് ‘സ്വർണ’ വർണത്തിന്റെ നേരിയ തിളക്കം പ്രത്യക്ഷപ്പെടുക. വെറും നോട്ടത്തിൽ ഇതു കാണണമെന്നില്ല. കണ്ണിൽ എണ്ണയൊഴിച്ചെന്നവണ്ണം തീരത്തു ക്ഷമയോടെ നോക്കിനിന്നാൽ മാത്രമേ ഇവ കാണൂ. ഒന്നും രണ്ടും പേരല്ല, നിരവധി സംഘങ്ങളാവും ഓരോ തീരത്തും ഇതിനായി ഉണ്ടാവുക.

ആദ്യം കാണുന്നയാളിനാണു കളഞ്ഞു കിട്ടുന്ന മുതലിന്റെ അവകാശമെങ്കിലും ചിലപ്പോഴെങ്കിലും കാഴ്ചയുടെ പങ്കിടൽ കിട്ടുന്ന നിധിയുടെ കാര്യത്തിലും വേണ്ടി വരുമത്രെ.

Top