‘ഹരിതമിത്ര’യുടെ കൊയ്ത്തുല്‍സവം കരിച്ചാറയ്ക്ക് ആവേശമായി

കരിച്ചാറ: കരിച്ചാറ ഏലായില്‍ ഹരിതമിത്രയുടെ കൊയ്ത്തുല്‍സവം കാര്‍ഷിക സംസ്കൃതിയുടെ നാടിന് പാരമ്പര്യത്തിന്റെ ഉണര്‍ത്തുപാട്ടായി. കരിച്ചാറ റസിഡന്റ്സ് അസോസിയേഷനും ശാന്തിഗിരി ആശ്രമവും സംയുക്തമായി സംഘടിപ്പിച്ച കൊയ്ത്തുല്‍സവം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയാണ് ഉദ്ഘാടനം ചെയ്തത്. നഷ്ടപ്പെട്ടുപോയ നമ്മുടെ കാര്‍ഷിക സംസ്കാരം തിരിച്ചുകൊണ്ടുവരണമെന്ന്  അദേഹം പറഞ്ഞു.

33 വര്‍ഷങ്ങള്‍ക്കു മുമ്പ് നിലച്ചുപോയ കരിച്ചാറ ഏലായില്‍ നെല്‍കൃഷി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ കരിച്ചാറ ദര്‍ശന റസിഡന്റ്സ് അസോസിയേഷനും ശാന്തിഗിരി ആശ്രമവും സംയുക്തമായിട്ടാണ് നടത്തിയത്. ഇതിനായി ഹരിതമിത്ര കൃഷി പരിപാലന പരിശീലന കേന്ദ്രം ആരംഭിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

Loading...

കാര്‍ഷിക സംസ്കാരത്തില്‍ നിന്ന് അകന്നുപോയ പുതുതലമുറയ്ക്ക് കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്കുകയും കരിച്ചാറയിലെ തെരഞ്ഞെടുത്ത വയലുകളില്‍ നെല്‍കൃഷി ചെയ്യുന്നതിന് സഹായിക്കുകയുമായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. സഹകരണാടിസ്ഥാനത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതി വഴി കൃഷിയെ സ്നേഹിക്കുന്ന നിരവധി ചെറുപ്പക്കാര്‍ക്ക് കാര്‍ഷിക വൃത്തിയെക്കുറിച്ച് മനസിലാക്കാനും സഹായകരമായി.

അനുഗ്രഹീത ഭൂപ്രകൃതിയും ജലസമ്പത്തും കൈമുതലായുള്ള കരിച്ചാറയില്‍ നാടിന്റെ നന്മയായ നെല്‍കൃഷി തിരിച്ചുകൊണ്ടുവരുന്നതിനു വഴിയൊരുക്കിയിരിക്കുകയാണ് ഹരിതമിത്രയുടെ പദ്ധതി.  കൃഷിയുടെയും പരിസ്ഥിതി സ്നേഹത്തിന്റെയും പുതിയ കൂട്ടായ്മകള്‍ക്ക് രൂപംകൊടുക്കാനും ഹരിതമിത്ര വഴികാട്ടിയാകുന്നു.

മണ്ണൂത്തി കാര്‍ഷിക സര്‍വ്വകലാശാല ഡയറക്ടര്‍ ഡോ. ഷറീഫ്, കരിച്ചാറ റസിഡന്റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്. മുകുന്ദന്‍, ഹരിതമിത്ര കൃഷി പരിപാലന പരിശീലന കേന്ദ്രം ഡയറക്ടര്‍ എം.എസ്. ഷാജ്, പള്ളിപ്പുറം പാടശേഖര സമിതി പ്രസിഡന്റ് ഷറഫുദ്ദീന്‍ തുടങ്ങിയവരും കൊയ്ത്തുല്‍സവത്തില്‍ പങ്കാളികളായി.

karimithra

ഫോട്ടോ- കരിച്ചാറ ഹരിതമിത്രയുടെ കൊയ്ത്തുല്‍സവം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യുന്നു. കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഡോ. ഷറീഫ്, കരിച്ചാറ റസിഡന്റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്. മുകുന്ദന്‍, ഹരിതമിത്ര കൃഷി പരിപാലന പരിശീലന കേന്ദ്രം ഡയറക്ടര്‍ എം.എസ്. ഷാജ്, പള്ളിപ്പുറം പാടശേഖര സമിതി പ്രസിഡന്റ് ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ സമീപം.