വടകര ചെക്യാട് ബിഎസ്എഫ് ക്യാംപിൽ 206 ജവാന്മാർക്ക് കൊവിഡ്: ആന്‍റിജന്‍ പരിശോധന നടത്തിയത് 500 പേർക്ക്

കോഴിക്കോട്: വടകര ചെക്യാട് ബിഎസ്എഫ് ക്യാംപിൽ 206 ജവാന്മാർക്ക് കൊവിഡ്. പതിനഞ്ച് പേര്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങളുള്ളത്. 500 പേർക്കാണ് ആന്‍റിജന്‍ പരിശോധന നടത്തിയത്. തൊള്ളായിരത്തോളം ജവാന്മാരും കുടുംബാംഗങ്ങളും അടക്കം ആയിരത്തോളം ആളുകളാണ് ക്യാമ്പിലുള്ളത്. ബാക്കി ആളുകള്‍ക്ക് ഞായറാഴ്‍ച ടെസ്റ്റ് നടത്തും.

ക്യാംപ് മെഡിക്കൽ ഓഫീസർക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരെ ആശുപത്രിയിലേക്ക് മാറ്റില്ല. ക്യാമ്പ് കൊവിഡ് എഫ്എല്‍റ്റിസി ആക്കി മാറ്റാനാണ് നിര്‍ദേശം. പ്രത്യേക മേല്‍നോട്ടത്തിനായി ആരോഗ്യവകുപ്പ് ഡോക്ടറെ നിയമിക്കും.

Loading...

അതേസമയം കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു. ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തിൽ മല്‍സ്യബന്ധന തുറമുഖങ്ങള്‍, മാര്‍ക്കറ്റുകള്‍, തിരക്കുളള ടൗണുകള്‍ എന്നിവിടങ്ങളിൽ ഓരേ സമയം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കും.

ധ്രുതകർമ സേനയ്ക്കായിരിക്കും ഇതിന്‍റെ ചുമതല. ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള ടെസ്റ്റുകളുടെ എണ്ണവും കൂട്ടും. രോഗലക്ഷണമില്ലാത്തവർക്ക് വേണ്ടി കൂടുതൽ എഫ്എൽടിസികൾ തുടങ്ങും. വീട്ടിൽ സൗകര്യങ്ങളില്ലാത്തവരെയാണ് ഇവിടെ പ്രവേശിപ്പിക്കുകയെന്നും ജില്ലാ കളക്ടർ പറഞ്ഞു.