പുതിയ കേസുകളൊന്നുമില്ല; കോഴിക്കോട് നിപ മുക്തമായെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് മുക്തമായെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.ജില്ലയിൽ നിപ വെറസിന്റെ ഡബിൾ ഇൻകുബേഷൻ പിരീഡിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മറ്റ് വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് നിപയെ നിയന്ത്രണത്തിലാക്കാൻ സഹായിച്ചതെന്ന് മന്ത്രി പറഞ്ഞു.നിപ വൈറസ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കകം തന്നെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കോഴിക്കോടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു.

കോഴിക്കോട് ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രോഗം റിപ്പോർട്ട് ചെയ്ത ഉടനെ 18 കമ്മിറ്റികൾ രൂപീകരിച്ച് പ്രത്യേകം തയ്യാറാക്കിയ കർമ്മ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. കൺട്രോൾ റൂം ആരംഭിക്കുകയും 12 മണിക്കൂറിനുള്ളിൽ മെഡിക്കൽ കോളേജിൽ 80 റൂമുകൾ ഐസോലേഷനായി തയ്യാറാക്കുകയും ചെയ്തു.36 മണിക്കൂറിനുള്ളിൽ നിപ പരിശോധനയ്ക്കായി എൻഐവി പൂനയുടെ സഹായത്തോടെ പിഒസി ലാബ് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചു.പോലീസ്, സിവിൽ സപ്ലൈസ്, തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എല്ലാവരും ആരോഗ്യ വകുപ്പുമായി കൈകോർത്ത് പ്രവർത്തിച്ചാണ് നിപ പ്രതിരോധം വിജയത്തിലെത്തിച്ചത്.

Loading...