സ്ഥാനാര്‍ത്ഥി നിര്‍ണയം; കണ്ണൂരില്‍ കെപിസിസിയും ഡിസിസിയും തമ്മില്‍ പോര്

കണ്ണൂര്‍:കണ്ണൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കെ പി സി സിയും ഡി സി സി യും തമ്മില്‍ പോര്.കെ പി സി സി നിര്‍ദേശിച്ച സ്ഥാനാര്‍ഥികള്‍ക്ക് കണ്ണൂര്‍ ഡി സി സി കൈപ്പത്തി ചിഹ്നം നല്‍കിയില്ല.ഇതോടെ ജില്ലയിലെ മൂന്ന് വാര്‍ഡുകളില്‍ കെ പി സി സി സ്ഥാനാര്‍ത്ഥികളും ഡി സി സി സ്ഥാനാര്‍ത്ഥികളും തമ്മില്‍ നേര്‍ക്ക് പോരാട്ടത്തിന് കളമൊരുങ്ങി.കെ പി സി സി ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്തെത്തി.ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ നുച്യാട് വാര്‍ഡില്‍ രണ്ട് ഡി സി സി സെക്രട്ടറിമാര്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്.ഒരാള്‍ കെ പി സി സി നോമിനി.എതിരാളി കണ്ണൂര്‍ ഡി സി സി യുടെ സ്ഥാനാര്‍ഥി.കെ സി വേണുഗോപാല്‍ വിഭാഗക്കാരനായ ഡി സി സി സെക്രട്ടറി ജോജി വട്ടോളിയെ ആയിരുന്നു കെ പി സി സി നിര്‍ദേശിച്ചത്.എന്നാല്‍ ഇത് തള്ളിയ ഡി സി സി ജോര്‍ജ് ജോസഫിന് കൈപ്പത്തി ചിഹ്നം നല്‍കി.പ്രവര്‍ത്തകരും ഇരു നേതാക്കള്‍ക്കും വേണ്ടി ചേരി തിരിഞ്ഞ് വോട്ട് തേടുകയാണ്.

കെ പി സി സി ക്ക് എതിരെ പരസ്യ വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്തെത്തി.തലശ്ശേരി തിരുവങ്ങാട് വാര്‍ഡിലും കെ പി സി സി നിര്‍ദേശിച്ച സ്ഥാനാര്‍ഥിക്ക് ഡി സി സി ചിഹ്നം അനുവദിച്ചില്ല.യൂത്ത് കോണ്ഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റും എ ഗ്രൂപ്പുകാരനുമായ വി ഷുഹൈബ് ആയിരുന്നു കെ പി സി സി നോമിനി.എന്നാല്‍ ഐ ഗ്രൂപ്പിലെ കെ ജിതേഷിന് കൈപ്പത്തി ചിഹ്നം നല്‍കി ഡി സി സി ഔദ്യോഗിക സ്ഥാനാര്ഥിയാക്കി.പയ്യാവൂര്‍ പഞ്ചായത്തിലെ കണ്ടകശ്ശേരി വാര്‍ഡില്‍ കെ പി സി സി നിര്‍ദേശിച്ച സ്ഥാനാര്‍ഥി ടി പി അഷ്റഫിനേയും ഡി സി സി അംഗീകരിച്ചില്ല.ഡി സി സി സ്ഥാനാര്‍ഥിയായ ജോയി പുന്നശേരിക്ക് എതിരെ സ്വതന്ത്രനായി മത്സരിക്കുകയാണ് ടി പി അഷ്‌റഫ്.കെ സുധാകരന്റെ പിന്തുണയോടെ കണ്ണൂര്‍ ഡി സി സി കെ പി സി സിയേക്കാളും വലിയ അധികാര കേന്ദ്രം അയതോടെയാണ് മൂന്ന് വാര്‍ഡുകളില്‍ കോണ്‌ഗ്രെസ്സിന് രണ്ട് സ്ഥാനാര്‍ഥികള്‍ വീതം ആയത്.

Loading...