കെപിസിസി ഭാരവാഹിപ്പട്ടികയിൽ അനിശ്ചിതത്വം;സുധാകരൻ ദില്ലിയിൽ നിന്ന് മടങ്ങി

ദില്ലി: കെപിസിസി ഭാരവാഹപ്പട്ടിക ഇന്നും ഹൈക്കമാൻ്‍റിന് കൈമാറാൻ കഴിഞ്ഞില്ല. കോൺ​ഗ്രസിൽ ഇപ്പോഴും അനിശ്ചിതത്വം തുടുര്കയാണ്. അതേസമയം കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ദില്ലിയിൽ നിന്ന് മടങ്ങുകയും ചെയ്തു. തർക്കം എഐസിസി മുന്നോട്ടു വച്ച പേരുകളിലാണെന്നാണ് സൂചന. കെ സി വേണുഗോപാൽ മുന്നോട്ട് വച്ച പേരുകളോട് നേതൃത്വം എതിർപ്പ് അറിയിച്ചു. ചിലർക്കായി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിലും ഭിന്നത നിലനിൽക്കുന്നുണ്ട്.പട്ടികയ്ക്ക് എതിരെ പരാതിയുമായി മുൻ അധ്യക്ഷന്മാരായ മുല്ലപ്പള്ളിയും വി എം സുധീരനും രംഗത്തെത്തിയിരുന്നു. പട്ടിക സംബന്ധിച്ച് മുതിർന്ന നേതാക്കളുമായുള്ള ചർച്ചകൾ പൂർത്തിയായെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നലെ പറഞ്ഞത്. എന്നാൽ പട്ടികയിൽ കൂടിയാലോചന നടന്നിട്ടില്ലെന്നാണ് മുല്ലപ്പള്ളിയും വി എം സുധീരനും പറയുന്നത്. വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്നാണ് വിവരം.

പതിവ് അസ്വാര്യസങ്ങളും പരസ്യ വിമർശനങ്ങളും ഇല്ലാതെയാണ് കെപിസിസി പുനസംഘടന ചർച്ചകൾ നേതൃത്വം പൂർത്തിയാക്കിയതെന്ന് ഇതുവരെ ആശ്വസിച്ചിരുന്ന നേതാക്കൾക്ക് തിരിച്ചടിയാവുകയാണ് മുല്ലപ്പള്ളിയുടെയും സുധീരന്റെയും എതിർപ്പ്. ഡിസിസി പട്ടികയിലെ വിമർശനങ്ങൾ കണക്കിലെടുത്ത് ഗ്രൂപ്പുകളെ കൂടി വിശ്വാസത്തിലെടുത്തായിരുന്നു ഇത്തവണ ഭാരവാഹി പട്ടികയിലെ ചർച്ചകളെന്നാണ് വ്യക്തമാകുന്നത്. ശിവദാസൻ നായർ, വി എസ് ശിവകുമാർ കുമാർ, വി പി സജീന്ദ്രൻ, വിടി ബൽറാം, ശബരീനാഥൻ തുടങ്ങിയവർ ഭാരവാഹികളാകും.പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന എവി ഗോപിനാഥിനെയും പട്ടികയിൽ ഉൾപ്പെടുത്താനിടയുണ്ട്. എറണാകുളത്ത് നിന്നുള്ള ജമാൽ മണക്കാടന്റെ പേര് ട്രഷറർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. വനിതകളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ നിലവിലെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. പത്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ എന്നിവർ ഭാരവാഹികളായേക്കും. സുമ ബാലകൃഷ്ണൻ, ജ്യോതി വിജയകുമാർ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ടായിരുന്നു. ജംബോ പട്ടിക ഒഴിവാക്കി 51 ഭാരവാഹികൾ അടങ്ങുന്നതാകും പട്ടികയെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയതാണ്.

Loading...