വിജയം ആഘോഷിക്കാൻ കൃതികയില്ല: അമ്മയുടെ കരൾ പകുത്തെടുക്കാൻ കാത്ത് നിൽക്കാതെ യാത്രയായ കൃതികയുടെ എസ്എസ്എൽസി ഫലം വന്നു: എല്ലാ വിഷയത്തിനും എ പ്ലസ്

കൊല്ലം: അമ്മയുടെ കരൾ പകുത്തെടുക്കാൻ കാത്ത് നിൽക്കാതെ കൃതിക ഏവർക്കും നൊമ്പരം നൽകിയാണ് കടന്നുപോയത്. ചവറ കുളങ്ങര ഭാഗം ദേവികൃപയിൽ പരേതനായ വേലായുധൻ പിള്ളയുടെയും ബിന്ദുകുമാരിയുടെയും മകൾ കൃതിക.വി. പിള്ളയാണ് (15) കഴിഞ്ഞ ദിവസം മരിച്ചത്. കൊറ്റംകുളങ്ങര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നതിനിടെയാണ് മരണം കൃതികയെ തട്ടിയെടുത്തത്.

കഴിഞ്ഞ മാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആന്തരികാവയവങ്ങളിൽ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയിരുന്നു. തുടർന്ന് അടിയന്തരമായി കരൾമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. കൃതികയ്ക്കായി അമ്മ കരൾ പകുത്ത് നൽകാൻ തയ്യാറായിരുന്നു. അതിനിടയിൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താൻ ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ശ്രമവും തുടങ്ങിയിരുന്നു. അതിനിടയിലാണ് ഒന്നിനും കാത്തുനിൽക്കാതെ കൃതിക മരണത്തിന് കീഴടങ്ങിയത്.

Loading...

അച്ഛൻ വേലായുധൻപിള്ള രണ്ടുവർഷം മുമ്പാണ് കാൻസർ ബാധിച്ച് മരിച്ചത്. അമ്മ ബിന്ദു പത്തനംതിട്ട കൊടുമൺ പഞ്ചായത്ത് ജീവനക്കാരിയാണ്. കൃതികയുടെ എസ്എസ്എൽസി പരീക്ഷയുടെ ഫലം ഇന്ന് വന്നപ്പോൾ എല്ലാവർക്കും അതിലേറെ ദുഖമായി. എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയാണ് കൃതിക ജയിച്ചത്. താൻ കാത്തിരുന്ന ഫലം വന്നപ്പോൾ അത് ആഘോഷിക്കാൻ കൃതിക മോൾ ഇന്ന് ഈ ലോകത്തില്ല.