തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി കെ എസ് അരുൺ കുമാറിനെ തെരഞ്ഞെടുത്തു

കൊച്ചി: തൃക്കാക്കരയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി കെ എസ് അരുൺ കുമാർ. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അഡ്വക്കേറ്റ് കെ എസ് അരുൺ കുമാർ. സിപിഎം (cpm)ജില്ലാ കമ്മിറ്റി യോഗത്തിലാണ് അരുൺ കുമാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനമുണ്ടായത്. സിഐടിയു ജില്ലാ കമ്മിറ്റിയഗവും ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനുമാണ്. കെ എസ് അരുൺ കുമാറിന്റെ നിയമസഭാ തെരഞ്ഞെടുപ്പിലെ കന്നിയങ്കമാണ് ഇത്. ഡിവൈഎഫ് ഐയുടെ മുൻ ജില്ലാ സെക്രട്ടറി കൂടിയായ അരുൺ കുമാർ ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധിയായി ജനങ്ങൾക്ക് സുപരിചിതനാണ്.

കുന്നത്തുനാട് മഴുവന്നൂരിലെ റിട്ടയേഡ് നേവി ഉദ്യോഗസ്ഥനായ ശിവശങ്കരൻ നായരുടെയും കൃഷ്ണകുമാരിയുടെയും മകനായ അരുൺ കുമാർ ഇടത് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ നിന്നും പ്രീഡിഗ്രിയും ബി.എ എക്കണോമിക്സ് ബിരുദവും നേടി. എസ്.എഫ്.ഐ എറണാകുളം ജില്ലാ ഭാരവാഹിയും സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. യുഡിഎഫ് ഭരണകാലത്ത് രജനി എസ് ആനന്ദ് എന്ന വിദ്യാർത്ഥി തിരുവനന്തപുരം പരീക്ഷാ കമ്മീഷണറുടെ ഓഫീസിനു മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തതിനെ തുടർന്ന് നടന്ന വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ദിവസങ്ങളോളം ജയിൽ വാസമനുഭവിച്ചു. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്നും നിയമ ബിരുദം നേടിയ അരുൺ നിലവിൽ ഹൈക്കോടതിയിൽ പ്രാക്ടിസ് ചെയ്യുകയാണ്.

Loading...