അതൊക്കെ നന്ദനയ്ക്ക് എങ്ങനെ സാധിച്ചുവെന്നറിയില്ല, തുറന്ന് പറഞ്ഞ് ചിത്ര

ഗായിക ചിത്രയുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഏറ്റവും വലിയ ദുഖമായിരുന്നു മകള്‍ നന്ദനയുടെ മരണം. ഒരു വിഷുദിനത്തില്‍ മലയാളക്കരയെ ആകെ വേദനിപ്പിച്ച സംഭവമായിരുന്നു അത്. ഇപ്പോഴിതാ നന്ദനയുടെ മരണത്തെ കുറിച്ചും അതിലെ ഒളിഞ്ഞിരിക്കുന്ന ദൈവികതയെ കുറിച്ചും മനസ് തുറന്നിരിക്കുരയാണ് ചിത്ര. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇതുവരെയും വെളിപ്പെടുത്താത്ത ജീവിതത്തിലെ ചില അനുഭവങ്ങള്‍ ചിത്ര വെളിപ്പെടുത്തിയത്.

ചിത്ര പറഞ്ഞതിങ്ങനെ;

Loading...

‘നന്ദനയുടെ വരവിലും പോക്കിലും ജീവിതത്തിലുമെല്ലാം ഒരുപാടൊരുപാട് ദൈവിക നിമിഷങ്ങള്‍ ഉണ്ടായിരുന്നു. സത്യസായിബാബയോട് അനപത്യതാ ദുഖം പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അടുത്ത തവണ ഇവിടെ വരുന്നത് കുഞ്ഞുമായിട്ടായിരിക്കുമെന്ന്. പിന്നെ ബാബയെ കാണാന്‍ ചെന്നപ്പോള്‍ മോള് കൂടെയുണ്ട്. ഭാഗവതം പറയുന്ന പ്രകാരം അവള്‍ പോയത് ഒരു ആത്മാവിന് ഭൂമിയില്‍ നിന്ന് കടന്നു പോകാന്‍ കഴിയുന്ന ഏറ്റവും ശുഭ മുഹൂര്‍ത്തത്തിലാണ്. 2011 ഏപ്രില്‍ 14. ഉത്തരായനത്തിലെ വിഷു സംക്രാന്തി. ഭഗവാന്‍ കൃഷ്ണന്‍ കടന്നു പോയ അതേ മുഹൂര്‍ത്തം. അതും ജലസമാധി.

നന്ദനയ്ക്ക് മഞ്ചാടി ആല്‍ബം വലിയ ഇഷ്ടമായിരുന്നു. അതിലെ പാട്ടുകള്‍ കണ്ടിരുന്നാല്‍ സമയം പോകുന്നത് അവള്‍ അറിയുമായിരുന്നില്ല. എന്നെകൊണ്ട് നിര്‍ബന്ധിച്ച് മഞ്ചാടി വയ്പ്പിച്ചു കണ്ടുകൊണ്ടിരുന്ന നന്ദന, താടിക്ക് കൈയുംകൊടുത്ത് അത് ആസ്വദിക്കുന്നത് കണ്ടാണ് ഞാന്‍ കുളിക്കാന്‍ പോയത്. ആ സമയത്ത് അവള്‍ സ്വിമ്മിംഗ് പൂളിനെ കുറിച്ച് ചിന്തിച്ചു പോയത് ഏതു ശക്തിയുടെ പ്രേരണ കൊണ്ടാകും? എപ്പോഴും കൈയില്‍ സൂക്ഷിച്ചിരുന്ന മക്ഡണാള്‍സിന്റെ പാവ ഒഴിവാക്കിയതും കാലിലെ ചെരിപ്പ് അഴിച്ചു വച്ചതും ഏതോ ശക്തിയുടെ പ്രേരണയാല്‍ എന്നു വിശ്വസിക്കാനെ എനിക്കു കഴിയുന്നുള്ളൂ. വലിയ വാതിലുകള്‍ തനിയെ തുറന്ന് പോകാന്‍ നന്ദനയ്ക്ക് എങ്ങനെ കഴിഞ്ഞു?

പൂളിന്റെ വലിയ ഗേറ്റ് കുട്ടി എങ്ങനെ തുറന്നു. പൊലീസ് വന്നു പരിശോധിക്കുമ്പോള്‍ പൂളിന്റെ അടുത്തുവരെ അവളുടെ കാല്‍പാദങ്ങള്‍ പതിഞ്ഞു കിടന്നിരുന്നു. അതവര്‍ വീഡിയോയില്‍ പകര്‍ത്തി. അല്ലെങ്കില്‍ ദുബായിലെ നിയമപ്രകാരം ഞാനോ വിജയന്‍ ചേട്ടനോ ജയിലില്‍ പോയേനെ. പൊലീസും ഫൊറന്‍സിക് വിദഗ്ദ്ധരുമെത്തി കാല്‍പാദങ്ങളുടെ ചിത്രം പകര്‍ത്തി അധികം വൈകാതെ അത് മാഞ്ഞുപോവുകയും ചെയ്തു. ഇതൊക്കെ മാനുഷിക യുക്തിക്ക് നിരക്കുന്ന കാര്യങ്ങളാണോ? ‘ ഇതാണ് ചിത്രയുടെ സംശയം.