എന്റെ ശബ്ദം കുട്ടികളെപ്പോലെ ആയിരുന്നു, ക്ലോണിംഗ് ആണ് എന്ന് ആരും കുറ്റപ്പെടുത്തിയില്ല: ജീവിതം കൈവിട്ടുപോകുമെന്നു തോന്നിച്ച സമയത്ത് പുതുഉണര്‍വ് നല്‍കിയത് ഗുരുവായൂരപ്പനാണ്: ചിത്ര

 

ചിത്രയുടെ സ്വരമാധുര്യത്തില്‍ വിരിഞ്ഞ പാട്ടുകള്‍ കേട്ടാലും കേട്ടാലും മതിവരാത്തവയാണ്. മലയാളികളുടെ വാനമ്പാടി കെ എസ് ചിത്രയുടെ ശബ്ദം സിനിമാ ഗാനങ്ങളില്‍ കേട്ടുതുടങ്ങിയിട്ട് നാല്‍പ്പത് വര്‍ഷമാവുകയാണ്. തന്റെ ശബ്ദം ആദ്യ കാലത്ത് കുട്ടികളെ പോലെ ആയിരുന്നെന്നും. ഈ ശബ്ദം നായികക്ക് അല്ല കുട്ടികള്‍ക്ക് ആയിരുന്നു ചേരുക എന്നും ചിത്ര പറയുന്നു. കെ എസ് ചിത്ര ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ശബ്ദത്തെയും പാട്ടുജീവിതത്തെയും കുറിച്ച് സംസാരിച്ചത്.
ഞാന്‍ ഗായികയായി തുടങ്ങിയപ്പോള്‍ എന്റെ ശബ്ദം കുട്ടികളെപ്പോലെയായിരുന്നുവെന്നാണ് എനിക്ക് തോന്നിയത്. ആളൊരുങ്ങി അരങ്ങൊരുങ്ങി തുടങ്ങിയ പാട്ടുകളില്‍. അവ കുട്ടികള്‍ക്കായിരുന്നു ചേരുക, നായികയ്ക്കല്ല. പിന്നീട് ശബ്ദം മാറിവന്നതാണ്. ഭാഗ്യവശാല്‍ എന്റെ ശബ്ദവും പാട്ടുപാടുന്ന രീതിയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ക്ലോണിംഗ് ആണ് എന്ന് ആരും കുറ്റപ്പെടുത്തിയില്ല. പിന്നീട് പ്രായം വന്നപ്പോള്‍ എന്റെ ശബ്ദവും മാറി കൂടുതല്‍ പക്വതയുള്ളതായി. ഞാന്‍ ഒരു ടെക്‌നിക്കും ഉപയോഗിച്ചില്ല. നിങ്ങള്‍ കേള്‍ക്കുന്നത് സ്വാഭാവിക ശബ്ദമാണ്. സംഗീത സംവിധായകര്‍ എന്റെ ശബ്ദത്തെ മെച്ചപ്പെടുത്തുകയും ശരിയായ രീതിയിലുള്ള പാട്ടുകളും തന്നു- കെ എസ് ചിത്ര പറയുന്നു

Loading...

ജീവിതത്തില്‍ ആദ്യം പാടി റിക്കോര്‍ഡ് ചെയ്തതു കൃഷ്ണനെക്കുറിച്ചുള്ള പാട്ടാണ്. ‘എന്റെ പേരു കണ്ണനുണ്ണി’ എന്ന പാട്ട് ആകാശവാണിക്കായി പാടുമ്പോള്‍ എനിക്ക് 5 വയസ്സാണ്. പിന്നീട് ജീവിതം പാട്ടു മാത്രമായി മാറിയപ്പോള്‍ കൃഷ്ണഭഗവാനെക്കുറിച്ചുള്ള എത്രയോ പാട്ടുകള്‍ പാടി. പലതും എന്നെ കൂടുതല്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചു. ദാസേട്ടന്‍ പാടിയ ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം…’ എന്ന പാട്ടു പാടാന്‍ മിക്ക വേദികളിലും എന്നോട് ആളുകള്‍ ആവശ്യപ്പെടാറുണ്ട്.’ഗുരുവായൂര്‍ ഓമനക്കണ്ണനാമുണ്ണിക്ക്’ എന്ന പാട്ടും പലതവണ പാടിപ്പിക്കും. നാമം ജപിക്കുന്നതുപോലെ എന്നെക്കൊണ്ടു വീണ്ടും വീണ്ടും അതു പാടിക്കുകയായിരിക്കാം.

ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ട ശേഷം ഒരു പരിപാടിക്കു തൃശൂരിലെത്തിയപ്പോള്‍ അവര്‍ താമസസൗകര്യം നല്‍കിയതു ഗുരുവായൂരമ്പലത്തിനോടു ചേര്‍ന്നുള്ള സ്ഥലത്താണ്. അന്നത്തെ ജീവിതവും മനസ്സിന്റെ അവസ്ഥയും വല്ലാത്തതായിരുന്നു. പക്ഷേ, ഗുരുവായൂര്‍ ഭഗവാനെ കണ്ടിറങ്ങിയതോടെ അവിടെനിന്നു ഞങ്ങള്‍ക്കു കിട്ടിയതു പുതിയൊരു ജീവിതവും മനസ്സുമാണ്. ഗുരുവായൂരില്‍ പോയി താമസിക്കാന്‍ ആഗ്രഹിക്കുക പോലും ചെയ്യാത്ത ഞങ്ങള്‍ അവിടെയൊരു കൊച്ചു ഫ്ലാറ്റ് വാങ്ങി. ജീവിതം കൈവിട്ടുപോകുമെന്നു തോന്നിച്ച സമയത്തു കൈപിടിച്ചുയര്‍ത്തിയത് ഗുരുവായൂരപ്പന്റെ നിറഞ്ഞ സ്നേഹമാണ്.

കളഭം തരാം എന്ന പാട്ടുപാടി പുറത്തുവന്നപ്പോള്‍ അതെഴുതിയ ഗിരീഷ് പുത്തഞ്ചേരി എന്നോടു പറഞ്ഞു, തരാമെന്നു ചിത്ര പറഞ്ഞാല്‍ അതു കിട്ടാന്‍ ഭഗവാനു മോഹം തോന്നും. പറഞ്ഞു മോഹിപ്പിച്ചാല്‍ പോരാ, കളഭം ചാര്‍ത്തിക്കൊടുക്കണം. സാധാരണ സിനിമാ പാട്ടുപോലെ പാടിയിറങ്ങിയ ആ പാട്ട് അദ്ദേഹം ഹൃദയത്തോട് എത്രയേറെ അടുത്തുവച്ചിരിക്കുന്നു എന്നെനിക്കു ബോധ്യപ്പെട്ടത് അപ്പോഴാണ്. സത്യത്തില്‍ അതു ഭഗവാന്‍ എന്നോടു പറഞ്ഞതുതന്നെയായിരിക്കണം. പിന്നീടു ഞാന്‍ ഗുരുവായൂരില്‍ കളഭച്ചാര്‍ത്തു നടത്തി. ഉഡുപ്പി, അമ്പലപ്പുഴ തുടങ്ങി എത്രയോ കൃഷ്ണക്ഷേത്രങ്ങളിലും പോയി തൊഴുതിട്ടുണ്ട്. അവിടെനിന്നെല്ലാം മനസ്സില്‍ നിറയുന്നതു സ്നേഹവും സമാധാനവുമാണ്.

ഞാന്‍ എന്നും തൊടുന്നതു ഭഗവാന്റെ കളഭമാണ്. ഓരോ പരിപാടിക്കും വേദിയിലേക്കു കയറുമ്പോഴും സ്റ്റുഡിയോയിലേക്കു കയറുമ്പോഴും കണ്ണടച്ചു മനസ്സില്‍ കാണുന്നത് ആ വിഗ്രഹമാണ്. കണ്ണന്‍ എനിക്കൊരു ധൈര്യമാണ്. എല്ലാ പ്രതിസന്ധികളിലും നിറഞ്ഞ ചിരിയോടെ കടന്നുപോകാനുള്ളൊരു ധൈര്യം. എന്നെ സത്യത്തില്‍ വലിച്ചടുപ്പിച്ചു നിര്‍ത്തിയതാണ്, കൈപിടിച്ചു കയറ്റിയതാണ്. വളരെ കരുതലോടെ ചേര്‍ത്തുപിടിച്ചു നിര്‍ത്തിയിരിക്കുന്നുവെന്ന് എത്രയോ തവണ തോന്നിയിട്ടുണ്ട്. ഓരോ കൃഷ്ണാഷ്ടമിയും എന്നെ കൂടുതല്‍ കൂടുതല്‍ ഭഗവാനിലേക്ക് അടുപ്പിക്കുകയാണ്. ഭഗവാനും, എന്നും നെറ്റിയില്‍ തൊടുന്ന ആ കളഭത്തിന്റെ ഗന്ധവും എനിക്ക് ഓരോ കടമ്പയും കടന്നുപോകാനുള്ളൊരു ധൈര്യമാണ്. കണ്ണടയ്ക്കുമ്പോഴെല്ലാം ഉള്ളില്‍ നിറയുന്നതും ഭഗവാനാണെന്നും ചിത്ര പറഞ്ഞു.