കെഎസ്ഇബി സ്മാർട്ടാകുന്നു; വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട എന്തു പരാതിയും ഇനി വാട്‌സ്ആപ്പ് വഴി അയയ്ക്കാം

തിരുവനന്തപുരം:  കെഎസ്ഇബിയും സ്മാർട്ടാകുന്നു. വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട എന്തു പരാതിയും സമർപ്പിക്കാൻ വാട്‌സ്ആപ്പ് നമ്പർ ഏർപ്പെടുത്തി. പരാതികൾ അറിയിക്കാനായി ഇനി ദീർഘനേരം ക്യൂ നിന്ന് കാല് കഴയ്ക്കുകയും വേണ്ട. സമയം കളയുകയും വേണ്ട. എന്തു പരാതിയാണെങ്കിലും അത് വാട്‌സ്ആപ്പ് വഴി അറിയിക്കം. വിവരസാങ്കേതിക വിദ്യയുടെയും സാമൂഹിക മാധ്യമങ്ങളുടെയും സഹായത്തോടെ വൈദ്യുതിവകുപ്പ് ആവിഷ്‌കരിച്ച നവീന സേവനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. വൈദ്യുതി തടസ്സം, പുനഃസഥാപനം എന്നീ വിവരങ്ങൾ ഉപഭോക്താക്കളിലേക്കെത്തിക്കുന്ന ‘ഊർജദൂത്’, വൈദ്യുതി ബിൽ തുകയും പണം അടയ്ക്കാനുള്ള തീയതിയും എസ്എംഎസ്, ഇ-മെയിൽ എന്നിവ വഴി ഉപയോക്താക്കളെ ഓർമപ്പെടുത്തുന്ന ‘ഊർജസൗഹൃദ്’, പരാതികൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ‘1912’ എന്ന 24 മണിക്കൂർ ടോൾഫ്രീ നമ്പർ, വാട്‌സ് ആപ്പ് വഴി പരാതി അയക്കാനുള്ള പദ്ധതി എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 9496001912 എന്ന നമ്പരിലേക്ക് പരാതികൾ കൺസ്യൂമർ നമ്പർ സഹിതം വാട്‌സ്ആപ് വഴി അറിയിക്കാം. പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

ഉപയോക്താവിന്റെ പരാതി അവഗണിക്കാതെ, അവ സ്വീകരിക്കലാണ് യഥാർഥ സേവനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനുവേണ്ടി കെഎസ്ഇബി നടപ്പാക്കുന്ന പദ്ധതികൾ അഭിനന്ദനാർഹമാണ്. ഭൂരിപക്ഷം ജീവനക്കാരും ആത്മാർഥതയോടെ പ്രവർത്തിക്കുന്ന വകുപ്പാണ് വൈദ്യുതി വകുപ്പ്. അതിനാൽ പുതിയ പദ്ധതികൾ വിജയിക്കുമെന്ന ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.