മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തു; കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ ക്രൂരമായി മർദിച്ചു

ആലപ്പുഴ : ബസിൽ യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് കണ്ടക്ടർക്ക് യാത്രക്കാരന്റെ ക്രൂരമർദനം. .യാത്രക്കാരൻ കണ്ടക്ടറുടെ മൂക്ക് ഇടിച്ച് തകർ‌ത്തു. ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ ഹരിപ്പാട് പുത്തൻപുരയ്ക്കൽ വീട്ടിൽ സജീവനാണ് യാത്രക്കാരനിൽ നിന്നും ക്രൂര മർദനത്തിനിരയാകേണ്ടി വന്നത്. സജീവനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വ്യാഴാഴ്ച രാവിലെ 6.45 ഓടെയാണ് സംഭവം നടന്നത്. ഹരിപ്പാട് ഡിപ്പോയിൽ നിന്നും ആലപ്പുഴ ഡിപ്പോയിലേക്ക് പുറപെട്ട ഓഡിനറി ബസ്സിലാണ് സംഭവം .

അമ്പലപ്പുഴയിൽ നിന്നും ബസ്സിൽ കയറിയ ഒരു യാത്രക്കാരൻ മാസ്ക് ധരിച്ചിരുന്നില്ല. ഇതിനെ സജീവൻ ചോദ്യം ചെയ്തതോടെ സജീവന്റെ മൂക്കിൽ കൈ ചുരുട്ടി ഇടിക്കുകയും മൂക്കിൽ നിന്നും ചോര വാർന്ന് ഒഴുകയും ചെയ്തു. ബസ്സിൽ വീണ് ഇടത് കൈക്കും ഗുരുതര പരിക്കേൽക്കുകയും ചെയ്‌തു. ഇതോടെ അക്രമിയായ യാത്രക്കാരൻ ബസ്സിൽ നിന്ന് ഇറങ്ങി ഓടി രക്ഷപെട്ടു. സംഭവത്തിൽ സജീവന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ സി ഐ ദിജേഷിന്റെ നേതൃത്വത്തിൽ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.

Loading...