വിദ്യാര്‍ത്ഥികളെ 10 കിലോമീറ്റര്‍ അകലെ ഇറക്കി വിട്ടു, കെഎസ്ആര്‍ടി കണ്ടക്ടര്‍ക്ക് മുട്ടന്‍ പണി

പറവൂര്‍: കെ എസ് ആര്‍ ടി സിയുടെ ടൗണ്‍ ടു ടൗണ്‍ ബസില്‍ അബദ്ധത്തില്‍ കയറിയ വിദ്യാര്‍ത്ഥികളോട് കണ്ടക്ടറുടെ മോശം ഇടപെടല്‍. രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ 10 കിലോമീറ്റര്‍ അകലെയാണ് കണ്ടക്ടര്‍ ഇറക്കി വിട്ടത്. സംഭവം വിവാദമാകുമെന്ന് മനസിലായതോടെ കണ്ടക്ടര്‍ മൂന്ന് ദിവസം ലീവെടുത്ത് മുങ്ങിയിരിക്കുകയാണ്.

അവധി കഴിഞ്ഞ് ചൊവ്വാഴ്ച നേരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് പൊലീസ് നോട്ടീസ്. വിദ്യാര്‍ത്ഥികളുടെ വീട്ടുകാര്‍ ബാലാവാകാശ കമ്മീഷനും ശിശു ക്ഷേമ സമിതിക്കും പരാതി നല്‍കിയിട്ടുണ്ട്. കരിമ്പാടം ഡി.ഡി. സഭ ഹൈസ്‌കൂളിലെ ഏഴും എട്ടും ക്‌ളാസുകളില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. പറവൂര്‍ ചേന്ദമംഗലം കവലയില്‍ നിന്ന് ആലുവയ്ക്കുള്ള ബസിലാണ് വിദ്യാര്‍ത്ഥികള്‍ കയറിയത്. മന്നത്തും മനയ്ക്കപ്പടിയിലും ഇറങ്ങേണ്ട ഇവര്‍ കണ്‍സെഷന്‍ കാര്‍ഡ് നല്‍കിയപ്പോഴാണ് സ്റ്റോപ്പ് കുറവുള്ള ടൗണ്‍ ടു ടൗണ്‍ ബസാണെന്ന് കണ്ടക്ടര്‍ പറഞ്ഞത്.

Loading...

വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ അറിയാതെ കയറിയതാണെന്നും, ഇറങ്ങണമെന്നും പറഞ്ഞെങ്കിലും കണ്ടക്ടര്‍ കേട്ടില്ല. ഇറങ്ങേണ്ട സ്റ്റോപ്പില്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും ആവശ്യപ്പെട്ടിട്ടും ബെല്ലടിച്ചില്ല. ഇതിനിടെ വിദ്യാര്‍ത്ഥികളിലൊരാള്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി വീട്ടുകാരെ അറിയിച്ചു. വിട്ടുകാര്‍ ഫോണിലൂടെ കണ്ടക്ടറുമായി സംസാരിച്ചെങ്കിലും ചേന്ദമംഗലം കവല കഴിഞ്ഞാല്‍ പറവൂരില്‍ മാത്രമേ സ്റ്റോപ്പ് ഉള്ളൂ എന്നായിരുന്നു കണ്ടക്ടര്‍ പറഞ്ഞത്.

പറവൂര്‍ കവലയില്‍ ഇറങ്ങിയ കുട്ടികളെ നാട്ടുകാര്‍ ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എത്തിയെങ്കിലും കണ്ടക്ടറെക്കുറിച്ച് വിവരം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. അന്വേഷിച്ചപ്പോള്‍ കൊല്ലം സ്വദേശിയാണെന്നു മനസ്സിലായി. പിന്നീടാണ് ഇയാള്‍ അവധിയെടുത്തു മുങ്ങിയ വിവരം അറിയുന്നത്.