ശമ്പളം നല്‍കുവാന്‍ പണമില്ലെന്ന് കെഎസ്ആര്‍ടിസി; ആസ്തികള്‍ വിറ്റോ പണയംവെച്ചോ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുവാന്‍ കൈയില്‍ പണമില്ലെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് യൂണിയനുകളുമായി ചര്‍ച്ച നടത്തുകയാണെന്നും പണം കണ്ടെത്തുവാന്‍ കൂടുതല്‍ സമയം വേണമെന്നും മനേജ്‌മെന്റ് കോടതിയില്‍ അറിയിച്ചു.

അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും ശമ്പളം നല്‍കാതിരുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണിത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുവാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയും അപേക്ഷ സമര്‍പ്പിച്ചിരുന്നു.

Loading...

കെഎസ്ആര്‍ടിസിയുടെ നിലപാടില്‍ കടുത്ത അതൃപ്തിയാണ് കോടതി രേഖപ്പെടുത്തിയത്. ആദ്യം ശമ്പളം നല്‍കു അല്ലാതെ എങ്ങനെയാണ് അവരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. ഒപ്പം സര്‍ക്കാരിന്റെ സഹായത്തോടെ മാത്രമെ കെഎസ്ആര്‍ടിസിക്ക് ഇനി മുന്നോട്ട് പോകുവാന്‍ കഴിയുഎന്നും കോടതി നിരീക്ഷിച്ചു.

അതേസമയം ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിനായി കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ വിറ്റോ പണയപ്പെടുത്തിയോ ശമ്പളം കണ്ടെത്തണം എന്നും കോടതി പറഞ്ഞു. തുടര്‍ന്ന് ശമ്പള വിതരണം മുടങ്ങിയ കേസുകള്‍ പരിഗണിക്കുന്നത് 24ലേക്ക് മാറ്റി.