ഇങ്ങനെയാണെങ്കിൽ അടച്ചു പൂട്ടേണ്ടി വരും; ഡീസൽ വിലയ്ക്കെതിരെ KSTRTC സുപ്രീംകോടതിയിൽ

ഡീസൽ വിലയ്ക്കെതിരെ കെഎസ്ആർടിസി സുപ്രീംകോടതിയെ സമീപിച്ചു. വിപണി വിലയ്ക്ക് ഡീസൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് കെഎസ്ആർടിസി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഡീസലിന്റെ അധികവില സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് കെഎസ്ആർടിസി പറയുന്നത്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ അടച്ച് പൂട്ടേണ്ടിവരുമെന്നും ഹർജിയിൽ കെഎസ്ആർടിസി വ്യക്തമാക്കുന്നു. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.കേരളത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമകൾക്ക് വിപണി വിലയ്ക്കാണ് ഡീസൽ ലഭിക്കുന്നത്.

എന്നാൽ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസി ലിറ്ററിന് ഇരുപതിലധികം രൂപ അധികമായി നൽകിയാണ് ഡീസൽ വാങ്ങുന്നത്. ഇതിലൂടെ പ്രതിദിനം ഇരുപത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഈ നില തുടർന്നാൽ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് അഭിഭാഷകൻ ദീപക് പ്രകാശ് മുഖേന സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ കെഎസ്ആർടിസി വ്യക്തമാക്കിയിരിക്കുന്നത്.ലാഭകരമല്ലാത്ത റൂട്ടിൽ പോലും പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി സേവനം നടത്തുന്ന കെഎസ്ആർടിസിക്ക് സ്വകാര്യ വാഹനങ്ങൾക്ക് നൽകുന്നതിനേക്കാൾ കൂടുതൽ തുകയ്ക്ക് ഡീസൽ നൽകുന്നത് നീതികേടാണ്. ഭരണഘടനയുടെ പതിനാലാം അനുച്ഛേദനത്തിന്റെ ലംഘനം കൂടിയാണ് എണ്ണക്കമ്പനികളുടെ നടപടിയെന്നും അപ്പീലിൽ വിശദീകരിച്ചിട്ടുണ്ട്. വേനൽ അവധിക്ക് സുപ്രീം കോടതി അടയ്ക്കുന്നതിന് മുമ്പ് ഹർജി കോടതിയുടെ പരിഗണനയ്ക്ക് എത്തിക്കാനാണ് കോർപ്പറേഷന്റെ അഭിഭാഷകർ ശ്രമിക്കുന്നത്.

Loading...