സംസ്ഥാനത്ത് ഇന്ന് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ പുനരാരംഭിക്കും

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കും. നാലാംഘട്ട ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തിലാണിത്. ജില്ലകള്‍ക്ക് ഉള്ളിലാണ് കെഎസ് ആര്‍ടിസി സര്‍വീസ് നടത്തുക. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാണ് കെ എസ് ആര്‍ ടി സി ജില്ലകള്‍ക്ക് ഉള്ളിലെ ഓര്‍ഡിനറി സര്‍വീസ്. ഒരു ബസില്‍ മൊത്തം സീറ്റില്‍ പകുതി സീറ്റ് യാത്രക്കാരെ മാത്രമേ അനുവദിക്കൂ. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ബസ് സര്‍വീസ് പുനരാരംഭിക്കുന്നത്.

കെഎസ്ആര്‍ടിസിയുടെ ക്യാഷ്‌ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാര്‍ഡും ഇതോടെ നിലവില്‍ വരും. പരീക്ഷണ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ – തിരുവനന്തപുരം, നെയ്യാറ്റിന്‍കര – തിരുവനന്തപുരം റൂട്ടിലാണ് ചലോ കാര്‍ഡ് നടപ്പിലാക്കുന്നത്. തിരക്കുള്ള സമയത്ത് മാത്രം കൂടുതല്‍ സര്‍വീസ് നടത്തും. എന്നാല്‍, തിരക്ക് കൂടിയാല്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് സര്‍വീസ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട. ഇതിനിടെ 50 ശതമാനം അധികനിരക്ക് കൊണ്ട് പ്രയോജനമില്ലെന്ന നിലപാടിലാണ് സ്വകാര്യ ബസുടമകള്‍. ഇന്ധനനിരക്കില്‍ ഇളവില്ലാതെ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തില്ലെന്നാണ് ഉടമകള്‍. ഇന്നലത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ബാര്‍ബര്‍ ഷോപ്പുകളും നിയന്ത്രണങ്ങളോടെ ഇന്ന് പ്രവര്‍ത്തിച്ച് തുടങ്ങും.

Loading...