നാളെ മുതല്‍ മുഴുവന്‍ ജില്ലകള്‍ക്കകത്തും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും

തിരുവനന്തപുരം: നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി എല്ലാ ജില്ലാ പരിധിക്കുള്ളിലും സര്‍വ്വീസ് നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നിബന്ധനകള്‍ക്ക് വിധേയമായാണ് സര്‍വ്വീസ് നടത്തുക. രാവിലെ 7 മുതല്‍ രാത്രി 7വരെയാണ് സര്‍വ്വീസ് നടത്തുക.ജില്ലകള്‍ക്കുള്ളിലെ എല്ലാ പ്രധാന റൂട്ടുകളിലും കെ.എസ്.ആര്‍.ടിസി നാളെ മുതല്‍ സര്‍വ്വീസ് നടത്തും. ഡ്യൂട്ടി കണ്ടക്ടര്‍ അനുവദിക്കുന്ന യാത്രക്കാരെ മാത്രമെ ബസ്സില്‍ പ്രവേശിക്കാന്‍ അനുവദിക്കു.

ബസ്സിന്‍റെ പുറകുവശത്തെ വാതിലിലൂടെ മാത്രമായിരിക്കും യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കുക. ബസ്സിന്‍റെ പുറകുവശത്തിലൂടെയാണ് യാത്രക്കാരെ പുറത്തേക്ക് വിടുക. ഓര്‍ഡിനറിയായി മാത്രമേ സര്‍വ്വീസ് നടത്തു. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക്ക് ധരിക്കണം. സാമൂഹികാകലവും പാലിക്കണം. യാത്രക്കാര്‍ സാനിറ്റെസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കിയതിനു ശേഷം മാത്രമെ ബസ്സിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ പാടൂ. ആകെ ആയിരത്തി എണ്ണൂറ്റി അന്‍പത് സര്‍വ്വീസുകളാണ് സംസ്ഥാനത്തൊട്ടാകെ നടത്തുക.

Loading...

തിരുവനന്തപുരത്താണ് കെ.എസ്.ആര്‍.ടി.സി ഏറ്റവും കൂടുതല്‍ സര്‍വ്വീസ് നടത്തുക. 499 സര്‍വ്വീസ് തിരുവനന്തപുരത്ത് നടത്തും. മലപ്പുറത്താണ് ഏറ്റവും കുറവ് . 49 സര്‍വ്വീസ്. ജില്ലകള്‍ക്കുള്ളില്‍ തന്നെ5.5 ലക്ഷം കിലോമാറ്റര്‍ സര്‍വ്വീസ് നടത്താന്‍ സാധിക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സി കണക്കുകൂട്ടുന്നത്. നിലവിലുള്ള റൂട്ടുകളില്‍ മാത്രമെ സര്‍വ്വീസ് നടത്തു. യാത്രക്കാരുടെ എണ്ണം മുന്‍കൂട്ടി കണ്ടാണ് സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യുക.