നാളെ മുതല്‍ ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങാനുള്ള തീരുമാനം കെഎസ്ആര്‍ടിസി പിന്‍വലിച്ചു, റിസ്‌കാണെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങാനുള്ള തീരുമാനം കെഎസ്ആര്‍ടിസി പിന്‍വലിച്ചു.നിലവില്‍ സര്‍വീസ് തുടങ്ങുന്നത് റിസ്‌കാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടിയ സാഹചര്യത്തിലാണ് ഇപ്പോള്‍ സംസ്ഥാനമുള്ളത്.ഇത്തരത്തില്‍ രോഗികളുടെ എണ്ണം കൂടിയാല്‍ ജില്ലകള്‍ക്കുള്ളിലുള്ള സര്‍വീസുകളും നിര്‍ത്തേണ്ടി വരുമെന്ന സൂചനയും മന്ത്രി നല്‍കിയിട്ടുണ്ട്. തീരുമാനം വിശദീകരിക്കവേയാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കൊവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസ് സര്‍വീസ് നടത്തുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇപ്പോള്‍ ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങുന്നത് ഗുണകരമാകില്ലെന്നതായിരുന്നു ആരോഗ്യവകുപ്പിന്റെയും നിലപാട്.ആരോഗ്യ വകുപ്പ് നല്‍കിയ ഈ മുന്നറിയിപ്പിനെ മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രം സംസ്ഥാനത്തിനകത്തുള്ള ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ മതി എന്നാണ് ഇപ്പോള്‍ ഗതാഗതവകുപ്പ് തീരുമാനിച്ചത്.സമ്പര്‍ക്ക രോഗികളുടെയും ഹോട്ട്‌സ്‌പോട്ടുകളുടെയും എണ്ണം കൂടുന്നത് ബസ്സ് സര്‍വ്വീസ് തുടങ്ങുന്നതിന് തടസ്സമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

Loading...

”ആളുകള്‍ വീടുകളില്‍ തന്നെ കഴിയേണ്ടതുണ്ട്. പല ജില്ലകളിലും പലയിടങ്ങളും ഹോട്ട് സ്‌പോട്ടാണ്. കണ്ടെയ്ന്‍മെന്റ് സോണില്‍ ബസ് നിര്‍ത്താനാവില്ല. ഈ സാഹചര്യത്തില്‍ സര്‍വ്വീസ് നടത്തിയിട്ട് കാര്യമില്ല. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര സര്‍വ്വീസുകളുണ്ടാകില്ല. പ്രയാസമുണ്ടാകുന്നവര്‍ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കണം”, മന്ത്രി പറഞ്ഞു.