മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുത്തത് രണ്ടു ദിവസമെന്ന് സൂചന

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുത്തത് രണ്ടു ദിവസമെന്ന് സൂചന. ജലീലിൻ്റെ മൊഴി എൻഫോഴ്സ്മെൻ്റ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ദില്ലിയിൽ മൊഴി വിശദമായി പരിശോധിച്ച ശേഷം തുടർ നടപടിയിൽ തീരുമാനമെടുക്കും.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴരയോടെ എൻഫോഴ്സമെന്റ് ഓഫിസിലെത്തിയ മന്ത്രിയെ രാത്രി 11.30 വരെ ചോദ്യം ചെയ്ത് അടുത്ത ദിവസം ഹാജരാകാൻ ആവശ്യപ്പെട്ട് പറഞ്ഞ് അയയ്ക്കുകയയാരുന്നു. തുടർന്നാണ് രാത്രിയിൽ അരൂരിലെ സുഹൃത്തായ വ്യവസായിയുടെ വീട്ടിൽ താമസിച്ച ശേഷം വെള്ളിയാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായത് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളുടെ കണ്ണു വെട്ടിച്ച് മന്ത്രി മലപ്പുറത്തേയ്ക്ക് പോകുകയായിരുന്നു. ഇഡിയോട് മൊഴിയെടുക്കൽ രഹസ്യമാക്കണമെന്ന് മന്ത്രി അങ്ങോട്ട് ആവശ്യപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

Loading...

യുഎഇയിൽ നിന്ന് ഖുർആൻ വന്നതു സംബന്ധിച്ച വിവരങ്ങളെക്കുറിച്ച് വ്യാഴാഴ്ച ജലീൽ എൻഫോഴ്സ്മെന്റിന് വിശദീകരണ കുറിപ്പ് എഴുതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് ജലീലിനെ ചോദ്യം ചെയ്തതെന്നാണ് വിവരം. മന്ത്രിയിൽ നിന്നു ലഭിച്ച വിവരങ്ങൾ അന്വേഷണ സംഘം ഇഡി മേധാവിക്ക് കൈമാറിയിട്ടുണ്ട്.

ഇത് പരിശോധിച്ച ശേഷം മന്ത്രിയോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെടുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. മന്ത്രിയിൽ നിന്ന് സ്വത്ത് സംബന്ധിച്ച വിവരങ്ങളല്ല ഇഡി ആരാഞ്ഞത് എന്നു തന്നെയാണ് വ്യക്തമാകുന്നത്. പകരം യുഎഇ കോൺസുലേറ്റ് വഴി 4472 കിലോ വരുന്ന മത ഗ്രന്ഥങ്ങൾ എത്തിയതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനായിരുന്നു ചോദ്യം ചെയ്യൽ.