സ്വപ്നയെ വിളിച്ചിരുന്നു: അസമയത്തല്ല വിളിച്ചത്: വാട്സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് പുറത്ത് വിട്ട് മന്ത്രി കെ ടി ജലീൽ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിളിച്ചെന്ന് സമ്മതിച്ച് കെ ടി ജലീൽ. എന്നാൽ കോൺസുൽ ജനറൽ റാഷിദ് അൽ ഷമൈലിയുടെ നിർദേശപ്രകാരമാണ് സ്വപ്ന സുരേഷിനെ വിളിച്ചത്. 2020 മെയ് 27ന് യുഎഇ കോൺസൽ ജനറലിന്റെ ഔദ്യോഗിക ഫോണിൽ സന്ദേശം ലഭിച്ചു.

ജൂൺ 1 മുതൽ 28 വരെ സ്വപ്ന സുരേഷ് കെ ടി ജലീലിനെ ഒമ്പത് തവണ വിളിച്ചെന്നാണ് ഫോൺ രേഖകൾ വ്യക്തമാക്കുന്നത്. സ്വപ്ന സുരേഷ് സ്പേസ് പാർക്ക് ജീവനക്കാരിയായിരുന്നെന്നോ, കോൺസുൽ ജനറലിന്‍റെ എക്സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടെന്നോ തനിക്ക് അറിയില്ലായിരുന്നു. കോൺസുൽ ജനറൽ നേരിട്ട് സ്വപ്ന സുരേഷിനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടതിനാൽ ഒരിക്കലും സംശയിച്ചിരുന്നില്ലെന്നും കെ ടി ജലീൽ വ്യക്തമാക്കുന്നു.

Loading...

റംസാൻ മാസം യുഎഇ കോൺസുലേറ്റ് ഭക്ഷണക്കിറ്റ് വിതരണം ചെയ്യാറുണ്ട്. ലോക്ക്ഡൗൺ കാരണം കിറ്റുകൾ വിതരണം ചെയ്യാൻ യുഎഇ കോൺസുലേറ്റിന് കഴിഞ്ഞിരുന്നില്ല. സർക്കാർ വഴി ഇതെങ്ങനെ വിതരണം ചെയ്യാമെന്ന് തന്നോട് യുഎഇ കോൺസുൽ ജനറൽ വാട്സാപ്പിലൂടെ മെസ്സേജായി ചോദിച്ചു. കൺസ്യൂമർ ഫെഡുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാമെന്ന് താൻ മറുപടിയും നൽകി. എങ്കിൽ സ്വപ്ന സുരേഷ് ഇതുമായി ബന്ധപ്പെട്ട് നിങ്ങളെ വിളിക്കുമെന്ന് കോൺസുൽ ജനറൽ തനിക്ക് മറുപടിയും അയച്ചുവെന്നും കെ ടി ജലീൽ വ്യക്തമാക്കി. മെയ് 27-ന് കോൺസുൽ ജനറൽ മെസ്സേജയച്ചതിന്‍റെ സ്ക്രീൻഷോട്ടും കെ ടി ജലീൽ മാധ്യമപ്രവർത്തകർക്ക് നൽകി.