സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി കെ.ടി റമീസിന് ജാമ്യം

കൊച്ചി: സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ മുഖ്യപ്രതി കെ.ടി റമീസിന് ജാമ്യം. കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിലാണ് റമീസിന് കൊച്ചിയിലെ കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ എൻഐഎ കേസ് നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങാൻ പറ്റില്ല. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

2 ലക്ഷം രൂപയുടെ ബോണ്ടും ആള്‍ജാമ്യവും ഒപ്പം തന്നെ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. കുറ്റപത്രം സമര്‍പ്പിക്കും വരെയോ അല്ലെങ്കില്‍ മൂന്ന് മാസം വരെയങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പാസ്‌പോര്‍ട്ട് കെട്ടിവക്കണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

Loading...

കസ്റ്റംസ് രജിസ്റ്റര്‍ ചെയത് കേസില്‍ ജാമ്യം ലഭിച്ചതോടെ എന്‍.ഐ.എയുടെ കേസില്‍ കസ്റ്റഡി തുടരുന്നതിനാല്‍ റമീസിന് പുറത്തിറങ്ങാന്‍ ആവില്ല. സ്വര്‍ണക്കടത്തുകേസിലെ മുഖ്യ ആസൂത്രകനാണ് കെ.ടി റമീസ്.

കഴിഞ്ഞദിവസം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും കെ.ടി. റമീസിനെയും ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റിയിരുന്നു. ഇരുവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡിസ്ചാര്‍ജ് ചെയ്തത്.

ഇതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ പ്രതി മുഹമ്മദ് അന്‍വറിനെ വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് അന്‍വറിനെ ചോദ്യം ചെയ്യണമെന്ന എന്‍ഐഎയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. സ്വപ്ന സുരേഷിനെയും കസ്റ്റഡിയില്‍ വിടണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്വപ്നയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിട്ടില്ല.