‘ഒരു അത്യാവശ്യമുണ്ട്’ എന്ന് വാട്സ് ആപ്പ് സന്ദേശം കണ്ട് വീട്ടിലെത്തിയപ്പോള്‍ കണ്ടത് സുന്ദരി തൂങ്ങിനില്‍ക്കുന്ന സുരേഷിനെ

തിരുവനന്തപുരം കഴക്കൂട്ടം കുളത്തൂരിലാണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചത്. കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന കന്യാകുളങ്ങര സ്വദേശി സുരേഷ് (35) ഭാര്യ സിന്ധു (30) മകന്‍ ഷാരോണ്‍ (9) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മരണത്തിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ പ്രശ്നങ്ങളോ ഭാര്യയെ സംശയമുള്ളതോ ആകാം കൊലയ്ക്കു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. മൃതദേഹത്തില്‍ മുറിപ്പാടുകളില്ലെന്ന് പൊലീസ് സൂചിപ്പിച്ചു. ബെഡ്റൂമില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു സുരേഷിന്റെ മൃതദേഹം കിടന്നത്. സിന്ധുവിന്റെ മൃതദേഹം അടുക്കളയിലും മകന്‍ ഷാരോണിന്റെ മൃതദേഹം കിടപ്പുമുറിയിലുമാണ് കിടന്നത്. ഒരത്യാവശ്യമുണ്ട് , എട്ട് മണിയോടെ വീട്ടിലേക്കു വരണമെന്ന സുരേഷിന്റെ വാട്സാപ് സന്ദേശം ഇന്നലെ രാവിലെ 6.20ന് സിന്ധുവിന്റെ സഹോദരി മഞ്ജുവിന് ലഭിച്ചിരുന്നു.

Loading...

സിന്ധുവിന്റെ സഹോദരീ ഭര്‍ത്താവിന്റെ മൊബൈല്‍ഫോണിലേക്കാണ് സുരേഷ് ഈ സന്ദേശം അയച്ചത്. അത് വായിച്ച മഞ്ജു അമ്മ സുന്ദരിയെ എട്ട് മണിയോടെ സിന്ധു താമസിക്കുന്ന വീട്ടിലേക്ക് പറഞ്ഞ് അയച്ചു. ചാരിയിരുന്ന മുന്‍ വാതില്‍ തുറന്ന് സുന്ദരി ബെഡ് റൂമിലേക്ക് കയറുമ്പോള്‍ കണ്ടത് തുങ്ങി മരിച്ച സുരേഷിനെയായിരുന്നു. താഴെ ഷാരോണ്‍ ചേതയനയറ്റ് കിടക്കുന്നു. നിലവിളിയോടെ സുന്ദരി പുറത്തിറങ്ങുന്നതുകണ്ട് ഓടിയെത്തിയ നാട്ടുകാരാണ് അടുക്കളയില്‍ സിന്ധുവിന്റെ മൃതദേഹം കാണുന്നത്.

നാലു വര്‍ഷമായി സുരേഷ് ഗള്‍ഫിലാണ്. മൂന്നാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. വന്നശേഷം കന്യാകുളങ്ങരയുള്ള ഒരു ഓട്ടോ വാടകയ്ക്കെടുത്ത് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. സംഭവ ദിവസം രാത്രി വീട്ടിലെത്തിയ സുരേഷ് ഓട്ടോ തൊട്ടടുത്ത വീട്ടിനു മുന്നില്‍ ഒതുക്കിയിട്ടിട്ടുണ്ട്. അടുക്കളയില്‍ നിന്ന സിന്ധുവിനെ പ്ലാസ്റ്റിക് കയറുകൊണ്ട് വരിഞ്ഞുമുറുക്കി കൊന്നശേഷം ഉറക്കത്തിലായിരുന്ന ഷാരോണിന്റെ കഴുത്തു മുറുക്കി കൊന്നിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ല. ഇരുവരെയും കൊലപ്പെടുത്തിയശേഷമാകും സുരേഷ് വാട്സ് ആപ്പ് സന്ദേശം അയച്ചത്. ഇതിനുശേഷമാണ് സുരേഷ് തൂങ്ങി മരിച്ചതെന്നാണ് പൊലീസ് കരുതുന്നത്.