ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ കസ്റ്റഡിയില്‍

ഉന്നാവോ: ഉന്നാവോ ബലാത്സംഗ കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ കസ്റ്റഡിയില്‍. സിബിഐ ആണ് കുല്‍ദീപിനെ കസ്റ്റഡിയിലെടുത്തത്. വീട്ടിലെത്തിയാണ് സിബിഐ കുല്‍ദീപിനെ കസ്റ്റഡിയിലെടുത്തത്. കോണ്‍ഗ്രസിന്റെ അര്‍ദ്ധരാത്രി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. അറസ്റ്റ് വൈകുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഉന്നാവോ ബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഇന്നലെ അലഹബാദ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും കുറ്റാരോപിതനായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്ന് വ്യക്തമാക്കുന്നതാണ് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടെന്നും കോടതി വിമര്‍ശിച്ചു.

Loading...

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അറസ്റ്റ് നടത്തുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അഡ്വക്കേറ്റ് ജനറല്‍ രാഘവേന്ദ്ര സിങ് കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കാന്‍ ജസ്റ്റിസുമാരായ ഡി.ബി ഭോസലേ, രാഘവേന്ദ്ര സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു.

കേസില്‍ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ സഹോദരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും നിയമപ്രകാരം മാത്രമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ എംഎല്‍എയുടെ അറസ്റ്റ് സംബന്ധിച്ച് കോടതി തുടര്‍ന്നും ചോദ്യമുന്നയിച്ചപ്പോഴാണ് അന്വേഷണം പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ ഇനി അറസ്റ്റ് നടത്താനാകൂ എന്ന് അദ്ദേഹം വ്യക്തമാക്കിയത്. ബലാത്സംഗ കേസും ഇരയുടെ പിതാവിന്റെ മരണവും സംബന്ധിച്ച കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് കൂടുതല്‍ അന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി ഗോപാല്‍ സ്വരൂപ് കോടതിയില്‍ പറഞ്ഞു.

എന്നാല്‍, പോലീസ് ഇങ്ങനെയൊരു സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ ഇത്തരം അക്രമങ്ങള്‍ക്ക് ഇരകളാകുന്നവര്‍ മറ്റാരെയാണ് സമീപിക്കുകയെന്ന് കോടതി ചോദിച്ചു. കുറ്റാരോപിതരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കെതിരെയും പൊലീസുകാര്‍ക്കെതിരെയുമെല്ലാം പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാമെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ താന്‍ ബലാത്സംഗത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി ഉന്നാവോ സ്വദേശിയായ 16 കാരിയാണ് പരാതി നല്‍കിയത്. ഒമ്പത് മാസത്തോളമായി തനിക്ക് എവിടെനിന്നും നീതി ലഭിച്ചില്ലെന്നും പെണ്‍കുട്ടി പറയുന്നു. ഞായറാഴ്ച പെണ്‍കുട്ടിയും പിതാവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തു.

തുടര്‍ന്ന് സര്‍ക്കാര്‍ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഈ സംഘം ബുധനാഴ്ച രാത്രി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.