മിസോറാം ഗവര്‍ണര്‍സ്ഥാനം ഒഴിഞ്ഞ് കുമ്മനം തിരിച്ചെത്തുന്നു; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, ബിജെപി നീക്കങ്ങള്‍ ഇങ്ങനെ…

മിസോറാം ഗവര്‍ണറും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് മടക്കി കൊണ്ടുവരാനൊരുങ്ങുന്നു. ആര്‍എസ്എസാണ് കുമ്മനത്തെ തിരിച്ചുകൊണ്ടുവരാന്‍ നീക്കങ്ങള്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിനെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും ആര്‍എസ്എസ് നിലപാട് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മിസോറാമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ഡിസംബര്‍ പതിനൊന്നിന് വോട്ടെണ്ണല്‍ കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ രൂപീകരണം കഴിഞ്ഞാല്‍ സംഘപ്രചാരകന്‍ എന്ന നിലയില്‍ കുമ്മനം മടങ്ങിയെത്തുമെന്ന് മാധ്യമപ്രവര്‍ത്തകനും ബിജെപി സഹയാത്രികനുമായ കെവിഎസ് ഹരിദാസ് പറയുന്നു. ശബരിമല വിഷയത്തില്‍ കുമ്മനം രാജശേഖരന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്നാണ് ആര്‍എസ്എസ് ക്യാംപിനുള്ളിലെ പൊതുവിലയിരുത്തല്‍.

കെ.വി.എസ് ഹരിദാസ് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുമ്മനം കേരളത്തിലെക്ക് മടങ്ങുകയാണോ?. അങ്ങിനെ ഒരു വാര്‍ത്ത നേരത്തെ കേട്ടിരുന്നു. മിസോറാം ഗവര്‍ണറായി നിയമിതനായത് മുതല്‍ ആ മടങ്ങിവരവ് പലരും ആഗ്രഹിച്ചിരുന്നു, പ്രതീക്ഷിച്ചിരുന്നു. സംഘവും അതാണ് ആഗ്രഹിച്ചിരുന്നത് എന്നാണ് കേട്ടതൊക്കെ. എന്നാല്‍ ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു, സ്ഥാനമേല്‍ക്കുകയും ചെയ്തു……. അതുകൊണ്ട് ഉടനെ എങ്ങിനെ എന്നതായിരുന്നു പ്രശ്നം എന്നും കേട്ടു.

അതിനിടെ മിസോറാമില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി. വോട്ടെടുപ്പ് കഴിഞ്ഞു; വോട്ടെണ്ണല്‍ 11 ന് നടക്കും. പുതിയ സര്‍ക്കാര്‍ രൂപീകരണം കഴിഞ്ഞാല്‍ ഒരു പക്ഷെ അദ്ദേഹത്തിന് മടങ്ങാനായേക്കും….. സംഘ പ്രചാരകന്‍ എന്ന നിലയിലേക്ക്. ഇത് അതിന് പറ്റിയ കാലമാണ് താനും. ശബരിമല ക്ഷോഭിച്ചു നില്‍ക്കുമ്പോള്‍ ‘കുമ്മനം ഉണ്ടായിരുന്നുവെങ്കില്‍’ എന്ന് ആഗ്രഹിച്ചിരുന്ന എത്രയോ ലക്ഷങ്ങള്‍ ഉണ്ട് എന്നത് പറയേണ്ടതില്ലല്ലോ.

ഇപ്പോള്‍ ഓരോ ദിവസവും അങ്ങിനെ ചിന്തിക്കുന്നവരുടെ എണ്ണം കൂടുന്നു എന്നാണ് ചിലര്‍ വിലയിരുത്തുന്നത് എന്നും മനസിലാക്കുന്നു. ഇന്നിപ്പോള്‍ ഒരു ചാനല്‍ ആ വാര്‍ത്ത സംപ്രേഷണം ചെയ്തിരുന്നു; എന്റെ അഭിപ്രായവും ആരായുകയുണ്ടായി. ‘ കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ച്, അയ്യപ്പന്‍ വിളിച്ചു, ഞാന്‍വരുന്നു ‘ എന്ന് പറഞ്ഞുകൊണ്ട് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന, തിരിച്ചെത്തുന്ന, കുമ്മനത്തെ കേരളം പ്രതീക്ഷിക്കുന്നുണ്ട് എന്ന് ഞാന്‍ പറയുകയും ചെയ്തു. എല്ലാം നല്ലതിനായിരിക്കും. സ്വാമിയേ ശരണം.