നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെ, കമ്പനി തുടങ്ങുന്നത് പറഞ്ഞിട്ടുണ്ട്, പണമിടപാട് അറിയില്ലെന്ന് കുമ്മനം രാജശേഖരൻ

പത്തനംതിട്ട∙ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാക്കിയതിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം മുന്‍ ഗവർണറുമായ കുമ്മനം രാജശേഖരൻ. നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന്‌ അദ്ദേഹം ആരോപിച്ചു. കമ്പനി തുടങ്ങുന്നത് പറഞ്ഞിട്ടുണ്ടെന്നും പണമിടപാട് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്ന് കുമ്മനം ആരോപിച്ചു. പ്രതിയാക്കാന്‍ തക്ക തെളിവുകളൊന്നും പരാതിയില്‍ ഇല്ലെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സിപിഎം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യേഗസ്ഥനും ഇതില്‍ പങ്കാളിയാകുകയാണ്. കമ്പനിയുടെ പണം ഇടപാടിനെ കുറിച്ച് അറിയില്ലെന്ന് കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്തു 28.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആർ. ഹരികൃഷ്ണന്റെ പരാതിയിലാണ് കുമ്മനത്തിനെതിരെ തട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കും ആറന്മുള പൊലീസ് കേസെടുത്തത്. കുമ്മനം അടക്കം 9 പേരാണ് കേസിലെ പ്രതികൾ. കുമ്മനത്തിന്റെ മുൻ പിഎ പ്രവീണാണ് ഒന്നാംപ്രതി.

Loading...

പ്രതിയാക്കാനുള്ള എന്ത് തെറ്റാണ് ചെയ്തത് എന്ന് അറിയില്ല. പരാതിക്കാരൻ ഹരികൃഷ്ണനെ കുറെ നാളായി പരിചയമുണ്ട്. എന്നാല്‍, പണമിടപാടുകളെ കുറിച്ച് അറിയില്ല. ഇടപാടുകളെ സംബന്ധിച്ച് ചർച്ച നടന്നില്ലെന്നും കുമ്മനം പറഞ്ഞു. കമ്പനി തുടങ്ങുന്ന കാര്യം പരാതിക്കാരൻ പറഞ്ഞിട്ടുണ്ട്. സംരംഭത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ പണം ഇടപാട് അറിയില്ല. പരാതി സംബന്ധിച്ച് പൊലീസും ഒന്നും അറിയിച്ചിട്ടില്ല. രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പൊലീസും രാഷ്ട്രീയ ഇടപെടലുകൾ നടത്തുകയാണെന്നും നേതാക്കളെ കരിവാരി തേക്കാനുള്ള സിപിഎമ്മിൻ്റെ ശ്രമത്തെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.