ട്രോളുകളൊക്കെ വരുന്നത് പരാജയ ഭീതികൊണ്ട്; തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി പര്‍വതീകരിക്കാനാണ് അവരുടെ ശ്രമം:കുമ്മനം

തിരുവനന്തപുരം: തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകളെ വിമര്‍ശിച്ച് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ തിരുവനന്തപുരത്ത് കുളത്തിലിറങ്ങി വൃത്തിയാക്കുകയും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിനെതിരായാണ് ട്രോളുകള്‍ വന്നത്. ട്രോളുകളൊക്കെ വരുന്നത് പരാജയ ഭീതികൊണ്ടാണെന്നു കുമ്മനം പ്രതികരിച്ചു. ഒരു ജനപ്രതിനിധി കുളം വൃത്തിയാക്കുന്നതിലൂടെ നല്‍കുന്നതു ജനങ്ങളുടെ ഇടയില്‍ ജീവിക്കണം എന്ന സന്ദേശമാണ്. കളിയാക്കുന്നവര്‍ കളിയാക്കട്ടെ-കുമ്മനം പറഞ്ഞു.

തിരുവനന്തപുരം ചെമ്പഴന്തി എസ്എന്‍ കോളജില്‍ വിദ്യാര്‍ഥികളോടും അധ്യാപകരോടും വോട്ട് അഭ്യര്‍ഥിക്കാനെത്തിയപ്പോഴാണ് കുമ്മനം വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്. വിമര്‍ശിക്കുന്നവര്‍ക്ക് ഇതിനെക്കുറിച്ചുള്ള വിവരം ഇത്രയൊക്കെയേ ഉള്ളൂ. തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി പര്‍വതീകരിക്കാനാണ് അവരുടെ ശ്രമം. ശരിയൊക്കെ തെറ്റാക്കി ചിത്രീകരിച്ച് മുതലെടുപ്പു നടത്താനാണു നോക്കുന്നത്. അതിലൊന്നും എനിക്കു യാതൊരു പരിഭവവുമില്ല. മറുപടി പറയാനില്ല, എന്റെ ജീവിതമാണ് എന്റെ സന്ദേശം. ഞാന്‍ ഈ ചെയ്യുന്ന കാര്യങ്ങളാണ് എനിക്ക് ലോകത്തോടു പറയാനുള്ളത്.

Loading...

ഈ പ്രകൃതിയെ നശിപ്പിച്ചതു കൊണ്ടാണ് ഇന്നത്തെ ഈ ചൂട് ഉണ്ടാകുന്നത്. എല്‍ഡിഎഫും യുഡിഎഫും കച്ചവടക്കണ്ണോടെ പ്രകൃതിയെ നോക്കി. കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, ജലക്ഷാമം തുടങ്ങിയവയ്ക്ക് ഇത്തരം സമീപനങ്ങളാണു കാരണം. അതിനു ചെയ്യേണ്ട കാര്യം ജലസ്രോതസുകള്‍ സംരക്ഷിക്കുക എന്നതാണ്. അത് മാലിന്യം കൊണ്ട് മൂടി നശിച്ചുപോകുന്നതിനെതിരെ ജനവികാരം ഉണ്ടാകണം. കേരളം പരിസ്ഥിതി സൗഹൃദമാകണം. അതിനെക്കുറിച്ചാണു സ്വപ്നം കാണുന്നത്. അതുകൊണ്ടാണു സ്വയം ഇറങ്ങി കുളം വൃത്തിയാക്കിയത്.

ഭാവിയില്‍ നമ്മുടെ നാട്ടില്‍ എന്താണ് നടപ്പാക്കേണ്ടത് എന്നതിനെക്കുറിച്ച് ഒരു നിലപാടുണ്ട്. അതിനെതിരായ സമീപനമാണ് എതിര്‍കക്ഷികള്‍ക്കുള്ളതെങ്കില്‍ അവര്‍ നാടിനോടു ചെയ്യുന്നതു ദ്രോഹമാണ്. കുളം വൃത്തിയാക്കുന്നതിനൊക്കെ ട്രോള്‍ വരുന്നത് അവരുടെ അടിസ്ഥാന ജീവിത സൗകര്യങ്ങളോടുള്ള വൈമുഖ്യമാണ്. അതിനോടുള്ള ഒരു വിരുദ്ധ മനോഭാവമാണെന്നും കുമ്മനം വ്യക്തമാക്കി.