നടിക്കൊപ്പം എന്നതിലുപരി ഞാന്‍ സത്യത്തിനൊപ്പം, സത്യം ജയിക്കും അത് ആരുടെ ഭാഗത്താണെങ്കിലും : കുഞ്ചാക്കോ ബോബന്‍

നടിയാക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്‌ക്കൊപ്പം എന്നതിനേക്കാള്‍ മുകളിലായി താന്‍ സത്യത്തിനൊപ്പം എന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ആഗസ്റ്റ് 11 ന് റിലീസ് ആകുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നടിക്കൊപ്പം എന്നതിനേക്കാള്‍ ഉപരി ഞാന്‍ സത്യത്തിനൊപ്പം ആണ് നിന്നിട്ടുള്ളത്. സത്യം വിജയിക്കും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ആരുടെ ഭാഗത്താണ് എങ്കിലും. അത് മാത്രമാണ് എനിക്ക് ഇപ്പോള്‍ പറയാന്‍ ഉള്ളത്. എന്റെ ഭാഗത്ത്, എനിക്കറിയാവുന്ന കാര്യങ്ങള്‍, അല്ലെങ്കില്‍ ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ അത് അതേപോലെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്.

Loading...

അതിന്റെ പരിണിതഫലം എന്തുതന്നെയാണ് എങ്കിലും സത്യം വിജയിക്കും. അതിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്, അത് ആരുടെ ഭാഗത്താണ് എങ്കിലും,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനൊപ്പം തമിഴ് താരം ഗായത്രി ശങ്കര്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും കനകം കാമിനി കലഹത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രം. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു. കൊഴുമ്മല്‍ രാജീവന്‍ അഥവാ അംബാസ് രാജീവന്‍ എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.