എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് സ്ഥിരീകരിച്ച് കുഞ്ഞാലിക്കുട്ടി

കെ.ടി ജലീല്‍ ആരോപിച്ച എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് സ്ഥിരീകരിച്ച് കുഞ്ഞാലിക്കുട്ടി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ടു എന്നത് യാഥാര്‍ത്ഥ്യമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി സമ്മതിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇ.ഡി അയച്ച നോട്ടിസിന്റെ പകര്‍പ്പ് കെ.ടി ജലീല്‍ പുറത്തുവിട്ടിരുന്നു. പാണക്കാട് തങ്ങളെ മറയാക്കി പി.കെ കുഞ്ഞാലിക്കുട്ടി നടത്തുന്നത് മാഫിയാ പ്രവര്‍ത്തനം ആണെന്നും കെ.ടി ജലീല്‍ പറഞ്ഞിരുന്നു.

അതേസമയം ഇ.ഡി എത്തിയത് ചന്ദ്രികാ പത്രവുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലാണെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാലാരിവട്ടം പാലം കമ്മീഷന്‍ തുക ചന്ദ്രിക പത്രത്തിലെത്തിയെന്ന ആരോപണം തെറ്റാണെന്നും ചന്ദ്രിക പത്രവുമായുള്ള ഒരു സാമ്പത്തിക ഇടപാടിലും പാണക്കാട് ശിഹാബ് തങ്ങള്‍ ഭാഗമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Loading...

മകനെതിരായ കെ.ടി ജലീലിന്റെ ആരോപണത്തോടും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തന്റെ മകന്‍ നടത്തിയത് നിയമാനുസൃതമായ ഇടപെടലാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്ബിഐയിലുണ്ടായിരുന്ന പണം എ.ആര്‍ നഗറിലെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.ടി ജലീലിന്റെ ആരോപണം പ്രശസ്തിക്ക് വേണ്ടിയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ആരോപിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തിയിരുന്നു. ലീഗിന്റേയും സ്ഥാപനങ്ങളുടേയും മറവില്‍ കള്ളപ്പണം വെളിപ്പിച്ചുവെന്നായിരുന്നു ആരോപണം. കള്ളപ്പണം വെളുപ്പിക്കാന്‍ ആരാധനാലയങ്ങളെ പി.കെ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചുവെന്നും ജലീല്‍ ആരോപിച്ചു. എആര്‍ നഗര്‍ ബാങ്കില്‍ നിന്ന് 110 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്. ഇ.ഡി പുറത്തുവിട്ട പട്ടികയില്‍ ഒന്നാമത് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരാണെന്നും ജലീല്‍ പറഞ്ഞു.