പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കെ.പത്മരാജന് ജാമ്യം

കണ്ണൂർ‌: കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിജെപി നേതാവ് കെ പത്മരാജന് ജാമ്യം. പ്രതി കുനിയില്‍ പത്മരാജന്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ അന്വേഷണ സംഘം ഭാഗികമായി കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെതിരെ നേരത്തെ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

കേസിൽ പോക്സോ ഉൾപ്പെടുത്താതെയുള്ള ഭാഗിക കുറ്റപത്രം കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. ലൈംഗിക പീഡനം നടന്നോ എന്നറിയാൻ കൂടുതൽ പരിശോധന ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ ഏപ്രിൽ 23 മൂന്നിന് ക്രൈം ബ്രാഞ്ചിന് വിട്ടിരുന്നു. നാലാം ക്ലാസുകാരിയെ അധ്യാപകൻ കുനിയിൽ പദ്മരാജൻ സ്കൂളിലെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചെന്ന പരാതി കുടുംബം നൽകിയത് കഴിഞ്ഞ മാർച്ച് പതിനേഴിനാണ്. മജിസ്ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യമൊഴിയും നൽകി. ഒരുമാസത്തിന് ശേഷമാണ് പാനൂർ പൊലീസ് പ്രതിയെ പിടികൂടുന്നത്.

Loading...

ക്രൈംബ്രാഞ്ച് സംഘം പാനൂരിലെത്തി വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ഭാഗിക കുറ്റപത്രം നൽകിയത്. കുട്ടിയെ അധ്യാപകൻ സ്കൂളിൽ വച്ച് പല തവണ കൈകൊണ്ടും വടികൊണ്ടും മർദ്ദിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 82 പ്രകാരമുള്ള കുറ്റമാണ് പ്രതി പത്മരാജനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്.