കുവൈത്തിൽ കോവിഡ് ബാധിച്ചു എറണാകുളം വൈപ്പിൻ സ്വദേശി മരിച്ചു

കുവൈത്ത്: കുവൈത്തിൽ കോവിഡ് ബാധിച്ചു മലയാളി മരിച്ചു. എറണാകുളം വൈപ്പിൻ സ്വദേശി പാട്രിക്‌ ഡിസൂസ (59) ആണു മരിച്ചത്. കോവിഡ് ബാധിച്ചു രണ്ടാഴ്ചയായി മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വെള്ളിയാഴ്ച രാവിലെ ആയിരുന്നു അന്ത്യം. അൽഹാജരി കമ്പനിയിലായിരുന്നു ജോലി. ഭാര്യ സ്റ്റെല്ലയോടൊപ്പം സാൽമിയയിൽ ആയിരുന്നു താമസം. രണ്ടു മക്കൾ നാട്ടിലാണ്.

അതേസമയം ഗള്‍ഫില്‍ ഇന്നലെ കോവിഡ് ബാധിച്ച് ആറ് മലയാളികളാണ് മരിച്ചത്. സൗദിയില്‍ മൂന്ന് പേരും യു.എ.ഇ.യിലും ബഹ്റൈനിലും ഒമാനിലും ഓരോ ആള്‍വീതവുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച ആകെ മലയാളികളുടെ എണ്ണം 211 ആയി. കൊല്ലം കൊട്ടിയം സ്വദേശി ശരീഫ് മീരാ സാഹിബ്, മലപ്പുറം തിരൂര്‍ തലക്കടത്തൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫ്, പാലക്കാട് പുതുക്കോട് സ്വദേശി തോണിപ്പാടം ഖാജാ ഹുസൈന്‍ സുലൈമാന്‍ എന്നിവരാണ് സൌദിയില്‍ മരിച്ചത്. ഇതോടെ സൌദിയില്‍ ഇന്ന് മരിച്ച മലയാളികളുടെ എണ്ണം അറുപതായി.

Loading...

ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മരിച്ച കണ്ണൂർ ചാലാട് സ്വദേശി പോൾ സോളമന് 61 വയസ്സായിരുന്നു. അല്‍ ഐനില്‍ മരിച്ചത് തിരുവനന്തപുരം മംഗലാപുരം സ്വദേശി അബ്ദുൽ അസീസാണ്. ഇദ്ദേഹത്തിന് 53 വയസ്സായിരുന്നു. 34-കാരനായ പത്തനംതിട്ട മൈലപ്ര സ്വദേശി ജസ്റ്റിൻ വർഗീസ് ആണ് ഒമാനിലെ മസ്കത്തില്‍ മരിച്ചത്. നേരത്തെ തന്നെ വിവിധ ആരോഗ്യ പ്രയാസങ്ങളുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.

ഗൾഫിൽ കോവിഡ് ബാധിച്ച് 52 പേർ കൂടി മരിച്ചു. ഇതോടെ ഗൾഫിലെ കോവിഡ് മരണ സംഖ്യ 1612 ആയി. സൗദി അറേബ്യയിൽ മാത്രം 38 പേരാണ് മരിച്ചത്. ഒമാനിൽ അഞ്ചും കുവൈത്തിൽ നാലും ഖത്തറിൽ മൂന്നും യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ രണ്ടും വീതമാണ് മരണം. 7366 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.