കുവൈത്ത് ഭരണാധികാരി അന്തരിച്ചു

കുവൈത്ത് : കുവൈത്ത് ഭരണാധികാരിയും മുൻ പ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. അമീരി ദിവാന് ഉപമന്ത്രി ശൈഖ് അലി അൽജറ അൽസബ ആണ് അമീറിന്റെ വിയോഗം കുവൈത്ത് ടി.വി.യിലൂടെ ചൊവ്വാഴ്ച അറിയിച്ചത്. 2005-ൽ വനിതകൾക്ക് വോട്ടവകാശം നൽകിയതും കുവൈത്ത് മുനിസിപ്പാലിറ്റിയിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകിയതും അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഫലമായിരുന്നു.

1963 മുതൽ 2003 വരെ കുവൈത്ത് വിദേശകാര്യ മന്ത്രി, പിന്നീട് 2006 മുതൽ രാജ്യത്തിൻ്റെ പരമാധികാരി. ആധുനിക കുവൈത്തിൻ്റെ വളർച്ചയിൽ ശൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹിനെ മാറ്റി നിർത്തി ചരിത്രം എഴുതാനാവില്ല. ഇറാഖ് കുവൈത്തിനെ ആക്രമിച്ച ശേഷം ഇന്ന് കാണുന്ന രാജ്യത്തിൻ്റെ പുരോഗതിയിലും അദ്ദേഹത്തിൻ്റെ കൈയൊപ്പുണ്ട്. അതേസമയം തങ്ങളെ ആക്രമിച്ച ഇറാഖിന് പിന്നീട് സഹായഹസ്തം നീട്ടി അമീർ ലോകത്തിന് കാരുണ്യത്തിൻ്റെ സന്ദേശം നൽകി. അതുകൊണ്ട് തന്നെയാണ് ലോക രാജ്യങ്ങൾക്കിടയിൽ സമാധാന ദൂതനായി അദ്ദേഹം അറിയപ്പെടുന്നതും.

Loading...

40 വർഷത്തിലേറെ കുവൈത്ത് വിദേശകാര്യ മന്ത്രിയും 14 വർഷത്തിലേറെ കുവൈത്ത് അമീറുമായിരുന്ന അദ്ദേഹം ലോകരാജ്യങ്ങൾക്കിടയിലെ സമാധാന ദൂതനായാണ് അറിയപ്പെടുന്നത്. കുവൈത്തിൽ എറ്റവും അധികം പ്രവാസികളുള്ള ഇന്ത്യയുമായി മികച്ച ബന്ധം അദ്ദേഹം കാത്ത് സൂക്ഷിച്ചിരുന്നു. ആധുനിക കുവൈത്തിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് വിടവാങ്ങിയ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹ്.

നിരവധി രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര വിഷയങ്ങളിൽ മധ്യസ്ഥനായിരുന്നു അദ്ദേഹം. ഖത്തറിനെതിരെ സൗദി അടക്കമുള്ള ചില അറബ് രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോഴും സമാധാന ദൂതനായി പറന്നിറങ്ങിയതും അദ്ദേഹമാണ്. അതുകൊണ്ടു തന്നെയാണ് ഐക്യരാഷ്ട്രസഭയുടേതടക്കം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പുരസ്ക്കാരങ്ങൾ ശൈഖ് സബാഹിനെ തേടിയെത്തിയത്.