കുവൈറ്റില്‍ ഒന്നര കോടിയോളം തട്ടിയെടുത്ത് മലയാളി ദമ്പതികള്‍ കടന്നുകളഞ്ഞതായി പരാതി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പലരില്‍ നിന്നായി രണ്ടു കോടിയോളം രൂപ തട്ടിയെടുത്ത് മലയാളി ദമ്പതികള്‍ മുങ്ങിയതായി പരാതി. ഇരിങ്ങാലക്കുട സ്വദേശിനി രാധിക ജയകുമാർ, ഭർത്താവ് ആലപ്പുഴ സ്വദേശി ജയകുമാർ എന്നിവർക്കെതിരെയാണ് സ്പോൺസർ ഉൾപ്പെടെയുള്ളവർ പരാതിയുമായി രംഗത്തുവന്നത്. മംഗഫ് ബ്ലോക്ക് നാലില്‍ ‘കളരി ഫിറ്റ്നസ് സെന്റര്‍’ എന്നപേരില്‍ യോഗ, എയറോബിക്സ് പരിശീലന സ്ഥാപനം ഇവര്‍ നടത്തിയിരുന്നു.

മൊത്തം 75000 ദിനാറോളം (ഏതാണ്ട് 1.69 കോടി രൂപ) നിക്ഷേപ തട്ടിപ്പാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. സ്ഥാപനത്തിന്റെ വിപുലീകരണം എന്ന പേരിൽ പലരിൽനിന്നും നിക്ഷേപം സ്വീകരിച്ച് മുങ്ങിയെന്നാണ് സ്പോൺസർ ജമാൽ അൽ ദൂബ് ഉൾപ്പെടെ അഞ്ചുപേർ പരാതിപ്പെട്ടത്. ഇവരിൽനിന്നുള്ള 75,000 ദിനാറിനു പുറമെ മറ്റു ചിലരിൽനിന്നു കൂടി ദമ്പതികൾ പണം കൈക്കലാക്കിയതായും അവർ പറയുന്നു. 150 ദിനാർ മുതൽ 20,000 ദിനാർവരെ നഷ്ടപ്പെട്ടവരുണ്ട്.

Loading...

2016 സെപ്റ്റംബറിലാണ് സ്ഥാപനം തുടങ്ങിയത്. തുടക്കത്തില്‍ സ്പോണ്‍സര്‍ക്ക് ലാഭവിഹിതം കൃത്യമായി നല്‍കിയിരുന്നു. 2018 ഏപ്രില്‍ ഒമ്പതിനാണ് ഇരുവരും കുവൈത്ത് വിട്ടത്. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഇവര്‍ പലിശക്ക് കടമെടുത്തതായും വാര്‍ത്താസമ്മേളനം നടത്തിയവര്‍ ആരോപിച്ചു. സ്‌പോണ്‍സര്‍ ജമാല്‍ അല്‍ ദൂബിനു പുറമെ ശില്‍പ, അനീഷ്, സ്‌നേഹ് ശരത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

സ്ഥാപനത്തിന്റെ വ്യാജ സീലും സ്പോൺസറുടെ വ്യാജ ഒപ്പും ഉപയോഗിച്ചുണ്ടാക്കിയ രേഖ നൽകി കബളിപ്പിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഏപ്രിൽ ഒൻ‌പതിന് ഇരുവരും കുവൈത്ത് വിട്ടതായാണ് വിവരം. ഇവർക്കെതിരെ കുവൈത്ത് കോടതിയിൽ നാലു കേസുകളുണ്ട്.